Sat. Nov 23rd, 2024

‘അവന്‍ വെട്ടിക്കൊന്ന ആളെത്രയാ? സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി’

‘അവന്‍ വെട്ടിക്കൊന്ന ആളെത്രയാ? സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി’

കണ്ണൂർ: ഡി.സി.സി. ഓഫീസില്‍ നിന്ന് ബോംബ് കണ്ടെടുത്തുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയനെന്ന് സുധാകരൻ ആരോപിച്ചു.

ആണത്തമുണ്ടോ പിണറായി വിജയന് പറയാന്‍. അവന്‍ വെട്ടിക്കൊന്ന ആളെത്രയാ? അവന്‍ വെടിവെച്ചുകൊന്ന ആളെത്രയാ? അവന്‍ ബോംബെറിഞ്ഞുകൊന്ന ആളെത്രയാ? പറയണോ ആളുകളുടെ പേരിനിയും. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയന്‍? എത്രയാളുകളെ കൊന്നു? കെ. സുധാകരന് ആ റെക്കോഡില്ല. കോണ്‍ഗ്രസുകാരന്‍റെ ബോംബേറില്‍ ആരും മരിച്ചിട്ടില്ല’, സുധാകരൻ പറഞ്ഞു.

സി.പി.എമ്മിന്‍റെ രാഷ്ട്രീയ അസ്തിത്വംതന്നെ അക്രമത്തിലും കൊലപാതകത്തിലുമാണ്. അതിലൊന്ന് ബോംബേറാണ്. സി.പി.എമ്മുകാരെ തന്നെ അവര്‍ ബോംബെറിഞ്ഞ കൊന്നിട്ടില്ലേ? സി.പി.എമ്മിന്‍റെ രാഷ്ട്രീയ വളര്‍ച്ച മുഴുവന്‍ അക്രമത്തിന് മുമ്പില്‍ ആളുകളെ വിറപ്പിച്ചു നിര്‍ത്തിയിട്ടാണ്. അതില്‍ ആദ്യത്തെ ആയുധമാണ് ബോംബ് എന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം, കണ്ണൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ‘വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ’ എന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി എന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. സി.പി.എം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരിക്കുന്നത് ഇതാദ്യമാണെന്ന് സുധാകരൻ വിശദീകരിച്ചു.

‘വൃദ്ധന്‍ മരിച്ചു എന്നല്ല ഞാന്‍ പറഞ്ഞത്, ചെറുപ്പക്കാരന്‍ മരിച്ചില്ല. കഴിഞ്ഞദിവസങ്ങളില്‍ എത്ര ചെറുപ്പക്കാരെ സി.പി.എമ്മുകാര്‍ കൊന്നു? സ്വന്തം പാര്‍ട്ടി നേതാക്കള്‍ ബോംബ് പൊട്ടി മരിച്ചില്ലേ? നിങ്ങളെന്തെങ്കിലും പൊകച്ചു കേറ്റുന്നുണ്ടെങ്കില്‍ കയറ്റിക്കോ, അതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാനിതെത്ര കണ്ടു, എത്ര കേട്ടു’ -സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിലെ ബോംബ് സ്ഫോടനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് കെ. സുധാകരൻ വിവാദ പരാമർശം നടത്തിയത്. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നായിരുന്നു ഇത്. ബോംബ് ഇനിയും പൊട്ടാനുണ്ടെന്നും എന്നിട്ട് പ്രതികരിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തലശ്ശേരിയില്‍ തേങ്ങ പെറുക്കാൻ പറമ്പിൽ പോയ എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ (75) ആണ് ബോംബ് പൊട്ടി മരിച്ചത്. എരഞ്ഞോളി പഞ്ചായത്ത് ഓഫിസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്റ്റീല്‍ പാത്രം കണ്ടതോടെ തുറന്നു നോക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!