പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നിലച്ചു. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാത്ത് ലാബ് പ്രവർത്തനം നിലച്ചതോടെയാണ് ശസ്ത്രക്രിയ മുടങ്ങിയത്. ഇതോടെ ശസ്ത്രക്രിയക്ക് കാത്തിരുന്ന 25ഓളം രോഗികളെ ഡിസ്ചാർജ് ചെയ്തു. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പാവപ്പെട്ട ഹൃദയരോഗികൾ ആശ്രയിക്കുന്ന സ്ഥാപനമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. ഹൃദയ ശസ്ത്രക്രിയ പൂർണമായി നിലച്ചത് നൂറുകണക്കിന് രോഗികളെ ദുരിതത്തിലാക്കി.
ബൈപാസ് സർജറി ചെയ്യുന്ന രണ്ടു ശസ്ത്രക്രിയ തിയറ്റർ നവീകരണ പ്രവൃത്തിയുടെ പേരിൽ അടച്ചിട്ടതിനെ തുടർന്ന് ആറുമാസമായി സർജറികൾ മുടങ്ങിനിൽക്കുകയാണ്. ഇതിനിടിയിലാണ് ഹൃദയ പരിശോധനക്കുള്ള ആൻജിയോഗ്രാമും ശസ്ത്രക്രിയയായ ആൻജിയോപ്ലാസ്റ്റിയും ചെയ്യുന്ന കാത്ത് ലാബ് പണിമുടക്കിയത്. ദിനംപ്രതി ഒട്ടേറെ രോഗികൾ ഹൃദയ ശസ്ത്രക്രിയ നടത്താൻ ആശ്രയിക്കുന്ന സർക്കാർ മെഡിക്കൽ കോളജിൽ കാത്ത് ലാബ് നിലച്ചതും സർജറി വാർഡ് അടച്ചിട്ടതും രോഗികൾക്ക് ദുരിതമായി.
മൂന്ന് കാത്ത് ലാബുകളാണ് ഇവിടെയുള്ളത്. ഇതിൽ പഴയ ഒന്ന് പ്രവർത്തിക്കുന്നില്ല. ഒരു വർഷമായി മറ്റൊന്ന് അറ്റകുറ്റപ്പണി കാത്തുകിടക്കുകയാണ്. മൂന്നാമത്തേതു കൂടി തകരാറിലായതോടെയാണ് രോഗികൾ ദുരിതത്തിലായത്. കേരളത്തിന് പുറത്തുനിന്നുള്ള ടെക്നീഷ്യന്മാർ എത്തിയാൽ മാത്രമേ ഇത് റിപ്പയർ ചെയ്യാനാവൂ. രണ്ടു ശസ്ത്രക്രിയ തിയറ്ററുകൾ നവീകരണ പ്രവർത്തിയുടെ പേരിൽ അടച്ചിട്ടതിനെ തുടർന്നാണ് ബൈപാസ് സർജറി മുടങ്ങിയത്. സ്വകാര്യ ആശുപത്രികളിൽ വൻതുക വരുന്ന ഹൃദയ ശസ്ത്രക്രിയ നടത്താൻ സാധിക്കാത്ത നിർധന രോഗികളാണ് ഇതോടെ ദുരിതത്തിലായത്. പലരും സംഘടനകളുടെയും മറ്റും സഹായം തേടിയാണ് സ്വകാര്യ ആശുപത്രിയിൽ എത്തുന്നത്.
ബൈപാസ് സർജറി ചെയ്യുന്ന ഡോക്ടർമാർ നിലവിലുണ്ടായിട്ടും സർജറി നടത്താൻ പകരം സംവിധാനം ഏർപ്പെടുത്താതെ അടച്ചിട്ടത് മറ്റു സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലയിൽ ബൈപാസ് സർജറി നടത്തുന്ന ഏക സർക്കാർ മെഡിക്കൽ കോളജായ പരിയാരത്ത് മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള രോഗികളും എത്തുന്നുണ്ട്.