Fri. Nov 22nd, 2024

വിവാദ പരാമർശത്തിൽ കെ. സുധാകരന്‍റെ വിശദീകരണം; ‘സി.പി.എം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരിക്കുന്നത് ഇതാദ്യം’

വിവാദ പരാമർശത്തിൽ കെ. സുധാകരന്‍റെ വിശദീകരണം; ‘സി.പി.എം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരിക്കുന്നത് ഇതാദ്യം’

കണ്ണൂർ: കണ്ണൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ‘വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ’ എന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി എന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. സി.പി.എം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരിക്കുന്നത് ഇതാദ്യമാണെന്ന് സുധാകരൻ വിശദീകരിച്ചു.

‘വൃദ്ധന്‍ മരിച്ചു എന്നല്ല ഞാന്‍ പറഞ്ഞത്, ചെറുപ്പക്കാരന്‍ മരിച്ചില്ല. കഴിഞ്ഞദിവസങ്ങളില്‍ എത്ര ചെറുപ്പക്കാരെ സി.പി.എമ്മുകാര്‍ കൊന്നു? സ്വന്തം പാര്‍ട്ടി നേതാക്കള്‍ ബോംബ് പൊട്ടി മരിച്ചില്ലേ? നിങ്ങളെന്തെങ്കിലും പൊകച്ചു കേറ്റുന്നുണ്ടെങ്കില്‍ കയറ്റിക്കോ, അതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാനിതെത്ര കണ്ടു, എത്ര കേട്ടു’ -സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിലെ ബോംബ് സ്ഫോടനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് കെ. സുധാകരൻ വിവാദ പരാമർശം നടത്തിയത്. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നായിരുന്നു ഇത്. ബോംബ് ഇനിയും പൊട്ടാനുണ്ടെന്നും എന്നിട്ട് പ്രതികരിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തലശ്ശേരിയില്‍ തേങ്ങ പെറുക്കാൻ പറമ്പിൽ പോയ എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ (75) ആണ് ബോംബ് പൊട്ടി മരിച്ചത്. എരഞ്ഞോളി പഞ്ചായത്ത് ഓഫിസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്റ്റീല്‍ പാത്രം കണ്ടതോടെ തുറന്നു നോക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിച്ചത്. ബോംബ് നിർമാണം എന്ന് മുതലാണ് സി.പി.എമ്മിന് സന്നദ്ധ പ്രവര്‍ത്തനമായി മാറിയതെന്നും സതീശൻ ചോദിച്ചു.

നിങ്ങള്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്നാണ് മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോടും ചോദിക്കാനുള്ളതെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!