പയ്യന്നൂർ: ‘‘വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കും നേരത്ത്….’’ ജയരാജിന്റെ കളിയാട്ടം സിനിമക്ക് വേണ്ടി കൈതപ്രമെഴുതി മധ്യമാവതി രാഗത്തിൽ അദ്ദേഹം തന്നെ ചിട്ടപ്പെടുത്തി യേശുദാസ് ശബ്ദം നൽകിയ മലയാളിയുടെ മനസിൽ മായാതെയൊഴുകുന്ന നിത്യഹരിത പാട്ടാണിത്. ആർത്തലച്ചൊഴുകുന്ന മിഥുനത്തിലെ വണ്ണാത്തിപ്പുഴയുടെ തീരത്തുനിന്ന് കേരളത്തിലെ അറിയപ്പെടുന്ന നാലു ഗായകർ ആ ഗാനം ഒരുമിച്ചു പാടിയപ്പോൾ ലോക സംഗീതദിനം ആഘോഷിക്കാൻ തയാറെടുക്കുന്ന വേളയിൽ നാടിന് അതൊരു പുതിയ അനുഭവം.
ശിൽപി ഉണ്ണി കാനായിയുടെ വീട്ടിലെത്തിയതായിരുന്നു മലയാളത്തിന്റെ പ്രിയഗായകരായ സുദീപ്കുമാർ, അഫ്സൽ, രവി ശങ്കർ, അനൂപ് ശങ്കർ എന്നിവർ. ശിൽപിയുടെ പണിപ്പുരക്ക് തൊട്ടടുത്തു കൂടിയാണ് വണ്ണാത്തിപ്പുഴയൊഴുകുന്നതെന്നറിഞ്ഞതോടെ പുഴ കാണണമെന്നായി ഗായകർ. ഉണ്ണി ഗായകരുമായി പുഴയുടെ തീരത്തെത്തി. ഉടൻ വന്നു നാലുപേരുടെയും കണ്ഠങ്ങളിൽനിന്ന് ആ വരികൾ. വണ്ണാത്തിപ്പുഴയുടെ തീരത്തുനിന്ന് അവർ പാടാൻ തുടങ്ങി, പുഴ ഗൗനിക്കാതെ ഒഴുകിയെങ്കിലും കാനായിക്കാർ ആ അപൂർവ സംഗീതാനുഭവം ശരിക്കും ആസ്വദിച്ചു.
ഉണ്ണി കാനായി നിർമിക്കുന്ന വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രമണ്യത്തിന്റെ വെങ്കല ശിൽപത്തിന്റെ ആദ്യ കളിമൺ രൂപം കാണാൻ എറണാകുളത്തുനിന്ന് എത്തിയതായിരുന്നു ഗായകർ. ശിൽപം കണ്ട് സന്തോഷത്തോടെ തിരിച്ചു പോകാൻ ഒരുങ്ങുമ്പോഴാണ് കൈതപ്രത്തിന്റെ വരികളിലെ കാനായിയിലൂടെ ഒഴുകുന്ന വണ്ണാത്തിപ്പുഴയെക്കുറിച്ച് ശിൽപി ഓർമപ്പെടുത്തിയത്. അതോടെ എല്ലാവരും ഗാന ചരിത്രത്തിലേക്കുകൂടി ഒഴുകുന്ന വണ്ണാത്തിപ്പുഴക്കു കുറുകെയുള്ള മീങ്കുഴി അണക്കെട്ടിലെത്തി. പുഴയുടെ മനോഹര കാഴ്ച കണ്ടാണ് പ്രിയ ഗായകർ മനോഹരമായി തന്നെ പാടിയത്. അവർ പാടിയപ്പോൾ ഉണ്ണി കാനായിയുടെ ശിഷ്യൻ അഭിജിത്ത് മൊബൈൽ കാമറയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യൻ സിനിമയിലെ ഇതിഹാസ ഗായകൻ ബാലസുബ്രമണ്യത്തിന്റെ ശിൽപം പാലക്കാട് സ്ഥാപിക്കുന്നതിനാണ് നിർമിക്കുന്നത്.