പാപ്പിനിശ്ശേരി: ശുചിത്വ മാലിന്യ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാപ്പിനിശ്ശേരി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിയമലംഘനങ്ങൾ സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. മാലിന്യം കണ്ടൽക്കാട്ടിൽ വലിച്ചെറിഞ്ഞതിനു പാപ്പിനിശ്ശേരിയിലേ ചിക്കൻ റെൻഡറിങ് പ്ലാന്റ് ‘ക്ലീൻ കണ്ണൂർ വെഞ്ച്വഴ്സ്’ സ്ഥാപനത്തിന് 10,000 രൂപയും പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനും മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിയതിനും ടെൻഡർ കഫേ സ്ഥാപനത്തിനും 10,000 രൂപ പിഴ ചുമത്തി. മാലിന്യം പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം തള്ളിയതിന് സ്റ്റാർ ബേക്കറിക്ക് 5,000 രൂപയും മാലിന്യം വേർതിരിക്കാതെ കൂട്ടിയിട്ടതിനു നാരിയൽ കാ പാനി കെ.സി ജ്യൂസ് സെന്ററിന് 5,000 രൂപയും പിഴ ചുമത്തി. പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തു തള്ളിയ മാലിന്യത്തിൽനിന്ന് സ്റ്റാർ ബേക്കറി ഉടമസ്ഥന്റെ ബാങ്ക് രേഖകൾ സ്ക്വാഡ് കണ്ടെത്തുകയായിരുന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് എം.സി.എഫ്, പിഴ ഈടാക്കിയ വിശ്വസമുദ്ര കണ്ണൂർ എക്സ്പ്രസ്, ഹൈവേ ലേബർ ക്യാമ്പ് എന്നീ സ്ഥാപനങ്ങളിൽ ജോ. ഡയറക്ടർ സന്ദർശിക്കുകയും തുടർ നടപടികൾ അവലോകനം നടത്തുകയും ചെയ്തു. പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോ. ഡയറക്ടർ സറീന എ. റഹ്മാൻ, ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം നിതിൻ വത്സലൻ, സി.കെ. ദിബിൽ, പാപ്പിനിശ്ശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. സുമിൽ എന്നിവരും പങ്കെടുത്തു.