ശ്രീകണ്ഠപുരം: പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നതോടെ അടുക്കളകളിൽ കണ്ണീർപാചകം. കാർഷിക മേഖലയിലെ തിരിച്ചടിക്ക് പിന്നാലെ നിര്‍മാണ മേഖലയിലും സ്തംഭനാവസ്ഥയായതോടെ വരുമാനം കുറഞ്ഞ സാധാരണക്കാരെ ജീവിക്കാന്‍ അനുവദിക്കാത്ത വിധമാണ് സാധനങ്ങളുടെ വിലയും കുതിക്കുന്നത്.
പച്ചക്കറിക്കാണ് തൊട്ടാല്‍ പൊള്ളുന്ന വില. ഒരുകിലോ തക്കാളിക്ക് നഗരങ്ങളില്‍ 80 രൂപ കടന്നു. ഗ്രാമങ്ങളില്‍ വില വീണ്ടും കൂടും. ബീന്‍സിന് അടുക്കാന്‍ കഴിയാത്തവിലയാണ്. കിലോക്ക് 160 രൂപയാണ് വില. പയര്‍-100, വെണ്ട-60, ഉരുളക്കിഴങ്ങ്-42, സവോള -40, പച്ചമുളക്-100, വെള്ളരി-50, കാരറ്റ് – 70, ബീറ്റ്റൂട്ട് -60 എന്നിങ്ങനെയാണ് കഴിഞ്ഞദിവസത്തെ വില. ചേന വിലയും കുതിച്ചുകയറി 90-100 വരെയായി. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം ചേന എത്തുന്നത് ആലക്കോട്, കുടിയാന്മല, ചെമ്പേരി, പയ്യാവൂർ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നാണ്. എന്നാൽ, നിലവിൽ ഒരു കിലോ ചേനപോലും ഇവിടങ്ങളില്‍നിന്ന് എത്തുന്നില്ല.
ബംഗളൂരുവില്‍നിന്നാണ് ചേന ഇവിടത്തെ മാര്‍ക്കറ്റില്‍ എത്തുന്നത്. മറ്റുള്ളവക്കും മോശമല്ലാത്ത വിലയായിട്ടുണ്ട്. വിലവിവരപട്ടിക പോലും പ്രദർശിപ്പിക്കാതെ തോന്നിയവില പല സ്ഥലങ്ങളിലും ഈടാക്കുന്നുമുണ്ട്. മറ്റ് നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. പരിശോധന നടത്തി കരിഞ്ചന്തയും മറ്റും കണ്ടെത്തേണ്ടവർ അതിനൊന്നും മെനക്കെടുന്നുമില്ല.
മീൻ തൊട്ടുകൂടാ…
മഴക്കാലം തുടങ്ങിയതു മുതലേ മത്സ്യത്തിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. സാധാരണക്കാരന്റെ ഇഷ്ടവിഭവമായ മത്തിയും അയിലയും 280-300 രൂപക്കാണ് വില്‍ക്കുന്നത്.
ആവോലിക്ക് കഴിഞ്ഞ ദിനം 600-650 രൂപയാണുണ്ടായത്. പൊതുവേ മത്സ്യത്തിന്റെ വരവില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ചൂരയും ചെമ്മീനും മാത്രമാണ് ഉൾപ്രദേശങ്ങളിലടക്കം എത്തുന്നത്.
അതും ഹോട്ടലുകളിലേക്കാണ് പോകുന്നത്. വിലവർധന ഹോട്ടൽ നടത്തിപ്പുകാരെയും പ്രതിസന്ധിയിലാക്കുന്നു.
സപ്ലൈകോ നോക്കുകുത്തി
പൊതുവിപണിയിലെ വില വര്‍ധന തടയാൻ എക്കാലവും സഹായിച്ച സിവില്‍ സപ്ലൈസ് വകുപ്പിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും സ്റ്റോറുകളില്‍ അരി ഉള്‍പ്പെടെ സബ്സിഡി സാധനങ്ങള്‍ കണികാണാന്‍ പോലുമില്ല. സബ്സിഡി സാധനങ്ങൾക്കായി സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന സെപ്ലെകോ-മാവേലി സ്റ്റോറുകളിൽ ഒന്നും കിട്ടാനില്ല. ആളുകൾ പോകാത്തതിനാൽ പലയിടത്തും ജീവനക്കാർ വെറുതെയിരിക്കുന്ന കാഴ്ചയാണുള്ളത്.
നിലവില്‍ അരി, മല്ലി, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, പച്ചരി തുടങ്ങിയ സബ്സിഡി സാധനങ്ങള്‍ ഒന്നും മാവേലി സ്റ്റോറുകളില്‍ സ്റ്റോക്കില്ല. കടുക്, ജീരകം ഉള്‍പ്പെടെയുള്ള നോണ്‍ സബ്സിഡി സാധനങ്ങളും കിട്ടാനില്ല. ചെറുപയര്‍, ഉഴുന്നുപരിപ്പ്, മുളക്, വെളിച്ചെണ്ണ എന്നിവ നാമമാത്രമായി ചിലയിടങ്ങളിൽ മാത്രം വിൽപനക്കെത്തിയിരുന്നു. ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത ആര്ഭാടങ്ങള്ക്ക് കോടികള്‍ സർക്കാർ ധൂര്‍ത്തടിക്കുമ്പോഴാണ് സാധാരണക്കാരന്റെ ആശ്രയമായിരുന്ന മാവേലി സ്റ്റോറുകള്‍ക്ക് സാധനങ്ങള്‍ വാങ്ങിനല്‍കാത്തത്.