പാപ്പിനിശ്ശേരി: വളപട്ടണം പുഴയോട് ചേർന്ന തീരപ്രദേശങ്ങളിലും കടവുകളിലും രാത്രിയുടെ മറവിൽ മണൽ മാഫിയ വീണ്ടും സജീവമായി. പാറക്കടവ്, കല്ലൂരി, നണിച്ചേരി, പറശ്ശിനി, നാറാത്ത്, കമ്പിൽ, അരിമ്പ്ര ഭാഗങ്ങളിലെ കടവുകളിലും പുഴയോരത്തും ബോട്ടുജെട്ടി ഭാഗത്തുമാണ് വീണ്ടും മണൽവാരൽ സജീവമായിരിക്കുന്നത്. കടവുകളിൽ രാത്രിയുടെ മറവിൽ എസ്കോർട്ടോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മണൽ കടത്തുന്നത് പതിവായി.
പറശ്ശിനിക്കടവ് വഴിയും നണിച്ചേരിക്കടവ് വഴിയും ചാലാട് വഴിയുമാണ് മണൽ ലോറികൾ ചീറിപ്പായുന്നത്. ഈ ഭാഗങ്ങളിൽ പൊലീസിന്റെ രഹസ്യനീക്കങ്ങൾ അറിയാൻ ഒരു ടീം തന്നെയുണ്ട്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ ജീപ്പ് പുറത്തിറങ്ങുമ്പോൾ ഇവർക്ക് ചിലർ വിവരം നൽകുന്നുണ്ട് എന്നും പറയുന്നു.
നീണ്ട ഇടവേളക്ക് ശേഷം വെള്ളമിറങ്ങിയ പുഴകളിലും കുഴിച്ചുകോരി മണൽ മാഫിയ സംഘം വിലസുകയാണ്. പുഴയിൽ ഏറെ നാളായി നിലച്ചിരുന്ന മണലൂറ്റാണ് വീണ്ടും തുടങ്ങിയത്. മുമ്പ് പുഴയുടെ വിവിധ ഭാഗങ്ങൾ മണൽ മാഫിയകൾ കൈയടക്കിയ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ, പൊലീസിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് മണൽകടത്ത് പാടെ നിലച്ചിരുന്നു. ഇപ്പോൾ വീണ്ടും പുഴ വിവിധ സംഘങ്ങൾ കൈയടക്കി മണൽ വാരിത്തുടങ്ങിയിട്ടുണ്ട്. മണലൂറ്റ് തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതും നടപടി എടുത്തതും ചില കടവുകളിൽനിന്ന് മണൽ മാഫിയ മാറിനിൽക്കാൻ കാരണമായിരുന്നു. അതേസമയം, പഞ്ചായത്ത് അടിസ്ഥാനത്തിൽ മണൽ വാരാൻ അനുമതി നൽകാത്തതും പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്.