തലശ്ശേരി: ദുബൈയിലെ വ്യവസായ -വ്യാപാര സ്ഥാപനങ്ങളിൽനിന്ന് കണ്ണൂർ സ്വദേശിയുടെ 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളി. വെൽഗേറ്റ്സ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമ കണ്ണൂർ കിഴുന്നയിലെ കണ്ടാച്ചേരി സജിത്തിന്റെ പരാതിയിൽ ആലപ്പുഴയിലെ പ്രിൻസ് സുബ്രഹ്മണ്യം, ചങ്ങനാശ്ശേരിയിലെ മഹാലക്ഷ്മി സുവേന്ദ്രൻ എന്നിവർക്കെതിരെ എടക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്ഥാപനത്തിന്റെ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ദുബൈയിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന എക്സ്ട്രിം ഇന്റർനാഷനൽ കൺസൽട്ടൻസിയുടെ മാനേജിങ് ഡയറക്ടർ പ്രിൻസ് സുബ്രഹ്മണ്യത്തിന് സജിത്ത് അധികാരപത്രം നൽകിയിരുന്നു.
ഇതിന് ഒരു ലക്ഷം ദിർഹം പ്രിൻസ് വാങ്ങിയെന്നാണ് സജിത്തിന്റെ പരാതി. അധികാരപത്രത്തിന്റ മറവിൽ സ്ഥാപനത്തിന്റെ അക്കൗണ്ട്, ബാങ്കിടപാട് വിവരങ്ങൾ, ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ കൈക്കലാക്കിയ പ്രിൻസ് അതുപയോഗിച്ച് വിശ്വാസവഞ്ചന നടത്തിയെന്നുകണ്ട് അധികാരപത്രം പിൻവലിച്ചു. തുടർന്ന് കുടുംബ സുഹൃത്തായ മഹാലക്ഷ്മി സുവേന്ദ്രന് നടത്തിപ്പുചുമതല നൽകി.
പ്രശ്ന പരിഹാരത്തിന് ഗഡുക്കളായി പണം നൽകാൻ ഒപ്പിട്ട ബ്ലാങ്ക് ചെക്ക് ലീഫുകളും ലെറ്റർ ഹെഡുകളും സീലും മഹാലക്ഷ്മിക്ക് നൽകിയിരുന്നു. മഹാലക്ഷ്മിയും പ്രിൻസും വിശ്വാസവഞ്ചന നടത്തുകയാണെന്ന് വ്യക്തമായതിനെ തുടർന്ന് അവർക്കെതിരെ ദുബൈയിലും മറ്റ് എമിറേറ്റ്സുകളിലുമായി കേസ് നൽകി. അധികാരപത്രം യു.എ.ഇയിലെ കോടതി മുഖേന 2023 ഫെബ്രുവരി 15ന് റദ്ദാക്കി. അതേസമയം, തന്നെ കുടുക്കുക എന്ന ഉദ്ദേശ്യത്തോടെ താൻ ഒപ്പിട്ട് നൽകിയ ബ്ലാങ്ക് ചെക്കിൽ വലിയ തുക എഴുതി പല ബാങ്കുകളിലും സമർപ്പിച്ചതായി സജിത്ത് പറയുന്നു. തന്റെ പല സ്ഥാപനങ്ങളിലെയും സാധന സാമഗ്രികൾ വിറ്റ് പണം കൈക്കലാക്കുകയും ചെയ്തു.
17 വർഷമായി സ്ഥാപനത്തിന്റെ ഇടപാട് നടത്തുന്ന ദുബൈയിലെ ഇൻവെസ്റ്റ് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് അധികാരപത്രം സംഘടിപ്പിച്ച് പ്രിൻസ് നാട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതായും സജിത്തിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. വിശ്വാസ വഞ്ചനയും വ്യാജരേഖ ചമച്ച് നടത്തിയ തട്ടിപ്പും പ്രഥമ ദൃഷ്ട്യാ വ്യക്തമായ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം ശരിവെച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.