ശ്രീകണ്ഠപുരം: പിതാവ് രാഷ്ട്രീയക്കളരിയിലിറങ്ങിയതിനാൽ കൃഷിപ്പണി നോക്കാൻ ഏഴാം തരം വരെ പഠിച്ച മകനെയിറക്കി. 15ാം വയസ്സിൽ കൃഷിയിടത്തിലിറങ്ങിയ അവന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 73ാം വയസ്സിൽ തേടിയെത്തിയത് വലിയ അംഗീകാരവും. നടുവിൽ വെള്ളാട് മാവുഞ്ചാലിലെ പാറത്താഴവീട്ടിൽ അഗസ്റ്റിൻ തോമസിനാണ് ഇത്തവണ മികച്ച കർഷകനുള്ള ക്ഷോണി സംരക്ഷണ അവാർഡ് ലഭിച്ചത്. 50,000 രൂപയാണ് സമ്മാനതുക.
തെങ്ങ്, കവുങ്ങ്, റബർ, ജാതി, കൊക്കോ, ഇടവിളയായി കുരുമുളകും പഴവർഗ കൃഷിയും പരീക്ഷിച്ചപ്പോൾ വീടിനോട് ചേർന്ന 18 ഏക്കർ ഭൂമി വലിയ പച്ചപ്പു നിറഞ്ഞ കൃഷിയിടമാവുകയായിരുന്നു. ഒപ്പം പശു, ആട്, കോഴി എന്നിവയെയും വളർത്താൻ തുടങ്ങി. ഭാര്യ ഗ്രേസിയും മകൻ ഷൈൻ അഗസ്റ്റിനും കൂടെ കൃഷിയിടത്തിലേക്കിറങ്ങിയതോടെ വിജയഗാഥയായിരുന്നു. രോഗബാധയിൽ വിളകൾക്ക് നാശമുണ്ടായപ്പോൾ നഷ്ടം സംഭവിച്ചെങ്കിലും കഠിനാധ്വാനത്തിലൂടെ കൃഷി നല്ല ലാഭം തന്നെയായിരുന്നുവെന്ന് അഗസ്റ്റിൻ പറയുന്നു.