ന്യൂമാഹി: ലോട്ടറി കടയുടെ മുന്നിൽ നിന്ന് കളഞ്ഞ് കിട്ടിയ 47,500രൂപ പൊലിസിൽ ഏൽപ്പിച്ച് മാതൃകയായി കടയുടമയും മറ്റു മൂന്ന് യുവാക്കളും.
മാടപ്പീടിക ശ്രീലക്ഷ്മി ലോട്ടറി സ്റ്റാളിന് മുന്നിൽ നോട്ടുകൾ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ട് ലോട്ടറി വിൽപനക്കാരൻ അനിലും ജീവനക്കാരൻ വിജേഷും മറ്റൊരു ഓട്ടോ ഡ്രൈവറും ചേർന്നാണ് പണം എടുത്തുവെച്ചത്. തുടർന്ന് കടയുടമയും സുഹൃത്ത് മധുവും ചേർന്ന് തുക ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ എസ്.ഐ രാഘവനെ ഏൽപ്പിച്ചു.
പണം നഷ്ടപ്പെട്ടയാൾ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നതിനാൽ ഉടൻ പണം നഷ്ടമായയാളെ വിളിച്ചു തുക കൈമാറി. സ്വന്തം വീട് ജപ്തി ഭീഷണിയിലുള്ള ആശാരി പണിക്കാരന് കതകും ജനലും നിർമിക്കാൻ ലഭിച്ച തുകയാണ് നഷ്ടപ്പെട്ട് വീണ്ടും തിരികെ ലഭിച്ചത്. മുൻകൂറായി ലഭിച്ച തുകയോടൊപ്പം അളവ് ടേപ്പും പാൻ്റിൻ്റെ കീശയിലിട്ടിരുന്നു.
അശ്രദ്ധ മായി ടേപ്പ് പുറത്തെടുത്തപ്പോൾ കെട്ടഴിഞ്ഞ് നോട്ടുകൾ പാറിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. പണം തിരികെയേൽപ്പിച്ച വരെ ന്യൂമാഹി പൊലീസ് അഭിനന്ദിച്ചു.