ന്യൂമാഹി: ലോട്ടറി സ്റ്റാളിന് മുന്നിൽ നിന്ന് കളഞ്ഞ് കിട്ടിയ 47,500 രൂപ പൊലീസിലേൽപ്പിച്ച്
മാതൃകയാവുകയാണ് ഉടമയും ജീവനക്കാരും മറ്റ് മൂന്ന് യുവാക്കളും.
മാടപ്പീടിക ശ്രീലക്ഷ്മി ലോട്ടറി സ്റ്റാളിന്
മുന്നിൽ നോട്ടുകൾ പാറുന്നത് കടയിലെ ജീവനക്കാരനായ വിജേഷിന്‍റെയും ലോട്ടറി വിൽപനക്കാരൻ അനിലിന്‍റെയും മറ്റൊരു ഓട്ടോ ഡ്രൈവറുടെയും ശ്രദ്ധയിൽപെടുകയായിരുന്നു.
ഇവർ ഈ പണം മുഴുവൻ പെറുക്കിയെടുത്ത് കടയിൽ സൂക്ഷിക്കുകയും ഉടമയെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് ലോട്ടറി സ്റ്റാൾ ഉടമയായ കെ.ടി. രാജേഷും സുഹൃത്ത്
മധുവും ചേർന്ന് കളഞ്ഞ് കിട്ടിയ തുക ന്യൂമാഹി
പൊലീസ് എസ്.ഐ രാഘവനെ ഏൽപ്പിച്ചു.
പണം നഷ്ടപ്പെട്ട വ്യക്തി പരാതി നേരത്തെ തന്നെ പൊലീസിൽ നൽകിയിരുന്നു. പൊലീസ് ഇയാളെ വിളിച്ചുവരുത്തി തുക കൈമാറി. മരപ്പണിക്കാരനായ ഇയാൾക്ക് കതകും ജനലുകളും നിർമിക്കാനായി മറ്റൊരാൾ അഡ്വാൻസായി നൽകിയ തുകയായിരുന്നു ഇത്. ഈ തുകയും അളവ് ടേപ്പും ഒരുമിച്ച് പോക്കറ്റിൽ സൂക്ഷിച്ചതായിരുന്നു. അശ്രദ്ധമായി ടേപ്പ് പുറത്തെടുത്തപ്പോൾ പണവും പുറത്ത് വീഴുകയായിരുന്നു. സ്വന്തം വീട് ജപ്തിഭീഷണി നേരിടുന്ന വ്യക്തിയായിരുന്നു മരപ്പണിക്കാരൻ.
പണം തിരികെയേൽപ്പിച്ചവരെ ന്യൂമാഹി പൊലീസ് അഭിനന്ദിച്ചു.