മുഴപ്പിലങ്ങാട്: പുതിയ പാലം തുറന്നതോടെ ഉപയോഗിക്കാതിരുന്ന പഴയ മൊയ്തു പാലം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന്റെ ഭാഗമായി ബല പരിശോധന ആരംഭിച്ചു. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ ജെ. സോണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന ആരംഭിച്ചത്. 40 മീറ്ററിലുള്ള നാല് സ്പാനുകളിലാണ് പഴയ മൊയ്തു പാലത്തിന്റെ നിർമാണം. ഇതിലെ ഓരോ സ്പാനുകളിലും ചാക്കിൽ നിറച്ച മണ്ണ് അട്ടിവെച്ചാണ് പരിശോധന.
24 മണിക്കൂറും തുടരുന്ന പരിശോധന വെള്ളിയാഴ്ചയാണ് തുടങ്ങിയത്. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ വരുന്ന മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാവുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമടം തുരുത്ത് എന്നിവയുടെ ടൂറിസം സാധ്യത മനസ്സിലാക്കി വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ വരുന്ന പുതിയ പദ്ധതികളോടൊപ്പം പഴയ മൊയ്തു പാലത്തെയും ഉൾപ്പെടുത്താമെന്ന കണക്കു കൂട്ടലിലാണ് അധികൃതർ. 1930ൽ നിർമിച്ച മൊയ്തു പാലം പിന്നീട് ബലക്ഷയം വന്നതോടെ പുതിയ പാലം നിർമിച്ച് 2016ൽ തുറന്നു കൊടുത്തതോടെയാണ് പഴയ പാലം വഴിയുള്ള ഗതാഗതം നിലച്ചത്.