കണ്ണൂർ: കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട. രണ്ടു കിലോ കഞ്ചാവും 95 ഗ്രാം എം.ഡി.എം.എയും 333 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുമാണ് പിടികൂടിയത്. സംഭവത്തിൽ ഉത്തർപ്രദേശ് വാരാണസി സ്വദേശി ദീപു സഹാനിയെ (24) എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫിസർ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഓഫിസിലെ സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനനും സംഘവും കണ്ണൂർ ടൗൺ ഭാഗത്തു നടത്തിയ പരിശോധനയിൽ താളിക്കാവ് പരിസരത്തുനിന്നാണ് മയക്കുമരുന്നുമായി ദീപു അറസ്റ്റിലായത്. പ്രതിയെ തിങ്കളാഴ്ച കണ്ണൂർ ജെ.എഫ്.സി.എം (ഒന്ന്) കോടതിയിൽ ഹാജരാക്കും.
അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.പി. ഉണ്ണികൃഷ്ണൻ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ് ) പി.പി. സുഹൈൽ, സി.എച്ച്. റിഷാദ്, എൻ. രജിത്ത് കുമാർ, എം. സജിത്ത്, സിവിൽ എക്സൈസ് ഓഫിസർ പി.വി. ഗണേഷ് ബാബു, പി. നിഖിൽ, സീനിയർ അസി. എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ (ഗ്രേഡ്) സി. അജിത്ത്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. ഷജിത്ത് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.