ഇരിട്ടി : കേരള -കർണാടക അതിർത്തിയായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ഓണം സ്പെഷ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടയിലാണ് ബംഗളൂരു നിന്ന് വടകരയിലേക്ക് പോകുന്ന സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 52.252 ഗ്രാം എം.ഡി.എം.എയും 12.90 ഗ്രാം കഞ്ചാവും പിടികൂടിയത്. വടകര ഓഞ്ചിയം പുതിയോട്ട് സ്വദേശി അമൽ രാജ്( 32 ), വടകര അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി അജാസ് (32 ) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
വിപണിയിൽ ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. എം.ഡി.എം.എ രണ്ട് ഗ്രാമിന് മുകളിൽ കൈവശം വെക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. വാഹന പരിശോധനക്ക് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. മനോജ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് വി.പി. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫിസർ ഇ.എച്ച്. ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ജി. ദൃശ്യ, ഡ്രൈവർ ജുനീഷ് എന്നിവർ നേതൃത്വം നൽകി.