ഇരിട്ടി: സി.ബി.ഐയും പൊലീസ് ഓഫിസർ ചമഞ്ഞ് ഫോൺ വിളിച്ചു തട്ടിപ്പ് നടത്തുന്ന സംഘം ഇരിട്ടി മേഖലയിലും വ്യാപകമാവുന്നു. കണ്ണൂരിലെ ഒരു സ്വകാര്യ കോളജ് അധ്യാപകനും ഇരിട്ടിയിലെ നൃത്ത സംഗീത വിദ്യാലയമായ ചിദംബരം കലാസമിതിയുടമയുമായ കെ.എം കൃഷ്ണനെ തേടിയാണ് വ്യാജ സിബിഐ ഉദ്യോഗസ്ഥരുടെ ഫോൺകോൾ വന്നത്.
ചെന്നൈയിൽ നിന്ന് സി.ബി.ഐ ഓഫിസറാണെന്ന് ഹിന്ദിയിൽ സ്വയം പരിചയപ്പെടുത്തിയാണ് സംസാരിച്ചത്. ഹിന്ദി അറിയില്ലെന്ന് പറഞ്ഞതോടെ പിന്നീട് ഇംഗ്ലീഷിലായി സംസാരം. ചെന്നൈയിലെ കോളജിൽ പഠിക്കുന്ന കൃഷ്ണന്റെ മകളെ സി.ബി.ഐ അറസ്റ്റ് ചെയ്തതായും ഉടൻ ചെന്നൈയിലെത്താനുമാണ് ഉദ്യോഗസ്ഥർ ആദ്യം ആവശ്യപ്പെട്ടത്. തുടരെ തുടരെയുള്ള ഫോൺ കോളുകളിൽ ഒരു കോളിൽ തന്റെ മകളുടെ പേരും കൂട്ടുകാരുടെ പേരും മേൽവിലാസവും കൃഷ്ണന്റെ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞതോടെ അധ്യാപകൻ കൂടിയായ കൃഷ്ണൻ വിശ്വസിക്കുകയായിരുന്നു. കൃഷ്ണന്റെ മകളുടെ കൂട്ടുകാരി മയക്കുമരുന്നിന് അടിമയാണെന്നും ആത്മഹത്യ ശ്രമിച്ചതായും ഈ സംഭവത്തിൽ താങ്കളുടെ മകളും ഉൾപ്പെടുന്നതായും ഫോൺചെയ്തയാൾ പറഞ്ഞു. കാൾ റെക്കോർഡ് ചെയ്യാതിരിക്കാൻ വാട്സ് ആപ് കോൾആയിട്ടായിരുന്നു വിളിച്ചത്. കേസിൽ ഒത്തുത്തീർപ്പുണ്ടാക്കി ഒതുക്കിത്തീർക്കാനും ശ്രമിച്ചു. മറുതലക്കൽ ഒരു പെൺകുട്ടിയുടെ അലറികരച്ചിലും കേട്ടിരുന്നു.
കേസ് ഒതുക്കി തീർക്കാൻ 2500 വെച്ച് 10 ഉദ്യോഗസ്ഥർക്ക് 25000 രൂപയാണ് സി.ബി.ഐ സംഘം ആവശ്യപ്പെട്ടത്. ഫോൺ കട്ട് ചെയ്ത് മകളെ വിളിച്ചതോടെയാണ് തട്ടിപ്പിന്റെ വിവരം തിരിച്ചറിഞ്ഞത്. ഉടൻ ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ എ.കുട്ടികൃഷ്ണന് പരാതി നൽകി. കാക്കയങ്ങാടുള്ള ദമ്പതികളെ പൊലീസ് വേഷത്തിൽ വിഡിയോ കോൾ വിളിച്ച് മകളെ അറസ്റ്റ് ചെയ്തതായും അടിയന്തിരമായി പണം നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നും വാഗ്ദാനം ചെയ്തിരുന്നു എന്നാൽ, ഇവർക്ക് പെൺമക്കൾ ഇല്ലാത്തതിനാൽ തട്ടിപ്പ് പരാജയപ്പെടുകയായിരുന്നു. സമാന രീതിയിൽ അനുഭവങ്ങൾ മലയോരത്ത് പലർക്കും ഉണ്ടായതായാണ് സൂചന.