തലശ്ശേരി: കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ശൗചാലയത്തിന് സമീപം യുവാവിനെ തോർത്തിൽ കരിക്ക് കെട്ടി തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 1, 20,000 രൂപ പിഴയും. പ്രതി ചേലോറ മുണ്ടയാട് കോഴിഫാമിന് സമീപം പനക്കട ഹൗസിൽ പി. ഹരിഹരനെയാണ് (51) ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. പ്രതി കുറ്റം ചെയ്തതായി ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷ നിയമം 302 പ്രകാരവും പട്ടികജാതി, പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പിഴയടച്ചാൽ സംഖ്യയിൽനിന്ന് 10,000 രൂപ പരിക്കുപറ്റിയ വിനോദ് കുമാറിന് നൽകണം. ശേഷിച്ച 1,10,000 രൂപ കൊല്ലപ്പെട്ട സുനിൽ കുമാറിന്റെ കുടുംബത്തിന് നൽകണം. സുനിൽ കുമാറിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് ജില്ല ജഡ്ജി ശിപാർശ ചെയ്തു.
കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ശൗചാലയത്തിന്റെ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം തോന്നക്കൽ വെട്ടുവിള കുടവൂർ പി.എസ് ഭവനിൽ സുനിൽ കുമാറിനെയാണ് (35) കൊലപ്പെടുത്തിയത്. 2017 ജനുവരി 24ന് രാത്രി 12നാണ് കേസിനാധാരമായ സംഭവം. സുനിൽ കുമാറിനെ കൊലപ്പെടുത്തുകയും ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്ത് ബസ് ജീവനക്കാരനായ അഴീക്കോട് കച്ചേരി പോത്താടി വീട്ടിൽ പി. വിനോദ് കുമാറിന് മർദനമേറ്റിരുന്നു. വിനോദ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് മൂന്ന് മാസം മുമ്പുവരെ പ്രതി ഹരിഹരനായിരുന്നു ശൗചാലയത്തിന്റെ ചുമതല. ഇത് സുനിൽ കുമാർ ഏറ്റെടുത്തതിലുള്ള വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവ ദിവസം രാത്രി ശൗചാലയം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതി ഹരിഹരനും സുനിൽ കുമാറുമായി തർക്കമുണ്ടായിരുന്നു. ഈ വിരോധത്തിൽ രാത്രി 11.45ഓടെ ഉറങ്ങുകയായിരുന്ന സുനിൽ കുമാറിന്റെ തലയിൽ തുണിയിൽ കരിക്ക് കെട്ടി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വിനോദ് കുമാറിനെയും കരിക്കുകൊണ്ട് പ്രതി ആഞ്ഞടിച്ചു. നെഞ്ചിൽ പരിക്കേറ്റ വിനോദ് കുമാർ ഓടിരക്ഷപ്പെട്ടു പൊലീസിൽ വിവരം നൽകി. പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് പ്രതികളുള്ള കേസിൽ രണ്ടാം പ്രതി മംഗളൂരു ദെർലക്കട്ട ബെൽമപാസ്പാടി ഹൗസിൽ ബി.കെ. അബ്ദുല്ല (അഷ്റഫ്, അസീസ് -50) വിചാരണയുടെ അവസാനഘട്ടത്തിൽ ഒളിവിൽ പോയി. ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കേസിൽ പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിച്ചു. 39 രേഖകളും 17 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, ടൗൺ ഇൻസ്പെക്ടർ പി. സുഭാഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത്കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.