
കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുനരധിവാസ മേഖല 13ാം ബ്ലോക്കിലെ താമസക്കാരിയായ പുതുശ്ശേരി അമ്പിളിയെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ
കേളകം: ആറളത്ത് അടങ്ങാത്ത ആനക്കലി തുടർക്കഥയാവുന്നു. ആറളം ഫാം പുനരധിവാസ മേഖലയിൽ ആദിവാസി ദമ്പതികളെ വീണ്ടും കാട്ടാന ആക്രമിച്ചു.
ഇരുചക്ര വാഹനത്തിൽ ജോലിക്കു പോവുകയായിരുന്ന പുനരധിവാസ മേഖല 13ാം ബ്ലോക്കിലെ താമസക്കാരായ പുതുശ്ശേരി ഷിജു (36), ഭാര്യ അമ്പിളി (31) എന്നിവരെയാണ് ആക്രമിച്ചത്. ആദിവാസി ദമ്പതികളായ വെള്ളിയും ലീലയും കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനുമുമ്പാണ് അടുത്ത ആക്രമണം.
പരിക്കേറ്റ ഷിജുവും, ഭാര്യ അമ്പിളിയും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ 7.30ഓടെ 13ാം ബ്ലോക്കിൽനിന്നും കോട്ടപ്പാറ റോഡുവഴി അണുങ്ങോട്ടേക്ക് ജോലിക്ക് പോകുന്നതിനിടയിലാണ് സംഭവം.
കോട്ടപ്പാറ റോഡിൽ കയറ്റവും വളവുമുള്ളയിടത്ത് റോഡിനരികിൽ നിൽക്കുകയായിരുന്നു കാട്ടാന. അടുത്തെത്തിയപ്പോഴാണ് ആന ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അമ്പിളി വണ്ടിയിൽനിന്ന് ചാടിയിറങ്ങി തിരിഞ്ഞോടി. ഷിജു വാഹനത്തിന്റെ സൈഡിൽ മറഞ്ഞിരുന്നു. റോഡിലേക്കുകയറിയ ആന വാഹനം ചവിട്ടിമറിച്ചതിനുശേഷം അമ്പിളിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.
ആനയുടെ തുമ്പിക്കൈയിൽപ്പെട്ടുപോയ അമ്പിളിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ചുഴറ്റിയെറിഞ്ഞു. വീഴ്ചയിൽ അമ്പിളിയുടെ ഇടത് കൈകാലുകളുടെ എല്ലുകൾ പൊട്ടി. താടിയെല്ലിനും വിരലിനും സാരമായ പരിക്കേറ്റു. ആന ചവിട്ടിമറിച്ച ഇരുചക്രവാഹനം ഷിജുവിന്റെ ദേഹത്തേക്ക് മറിഞ്ഞുവീണാണ് കഴുത്തിനും കാലിനും പരിക്കേറ്റത്. ജനവാസം കുറഞ്ഞ പ്രദേശമായതിനാൽ അമ്പിളിയെ ഷിജു കുറെ ദൂരം താങ്ങിയെടുത്താണ് പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
പിന്നീട് വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുദിവസം മുമ്പാണ് കശുവണ്ടിത്തോട്ടത്തിൽനിന്നും കശുവണ്ടി ശേഖരിച്ചുവരുകയായിരുന്ന വയോധിക ദമ്പതിമാരായ വെള്ളിയെയും ലീലയെയും കാട്ടാന ചവിട്ടിക്കൊന്നത്.
ഇതിനു പിന്നാലെയുണ്ടായ വലിയ പ്രതിഷേധങ്ങൾക്കും മുൻകരുതലുകൾക്കുമിടയിലാണ് വീണ്ടും കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. കലിപൂണ്ട കാട്ടാനകൾ ആറളം പുനരധിവാസ മേഖലയിലൂടെ തലങ്ങും വിലങ്ങും പായുന്നതായും, തടങ്കൽ ജീവിതത്തിന് സമാനമാണ് തങ്ങളെന്നും പ്രദേശവാസികൾ പറയുന്നു.
ആറളം ഫാം ബ്ലോക്ക് 13ലെ യാത്ര ഒഴിവാക്കണം
ആറളം: ആറളം ഫാം ബ്ലോക്ക് 13 ലെ കാടുപിടിച്ച് ആൾത്താമസമില്ലാതെ നിൽക്കുന്ന ആനപ്പാറ-ഓടച്ചാൽ പ്രദേശം ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സ്ഥിര സാന്നിധ്യമുള്ളതായതിനാൽ ഈ റോഡിലൂടെ പകൽ സമയത്ത് പോലും യാത്ര ചെയ്യുന്നത് പ്രയാസകരമാെണന്നും യാത്ര ഒഴിവാക്കണമെന്നും വനം അധികൃതർ മുന്നറിയിപ്പ് നൽകി.
ആറളം പുനരധിവാസ മേഖലയിലേക്ക് രാത്രി എത്തി രാവിലെ തിരികെ കാട്ടിലേക്ക് തിരിച്ചു പോകുന്ന ആനകളുടെ സ്ഥിരം പാതയാണിതെന്നും പ്രദേശവാസികൾക്ക് മുന്നറിയിപ്പുണ്ട്.
പകരം മറ്റ് റോഡുകൾ ഉപയോഗിക്കേണ്ടതാണെന്നും, ആറളം ഫാം പുനരധിവാസ മേഖലയിൽ ആന സാന്നിധ്യമുള്ള സ്ഥലങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതും ആയതിന് പഞ്ചായത്ത്, ടി.ആർ.ഡി.എം അധികൃതർ വേണ്ട സുരക്ഷാ നടപടികളും കൂടുതൽ ജാഗ്രതാ നിർദേശങ്ങളും നൽകണമെന്നും വനം അധികൃതർ അറിയിച്ചു.