
കഞ്ചാവ് പിടികൂടിയതറിഞ്ഞ് നാറാത്തെ വീട്ടിൽ തടിച്ചുകൂടിയവർ, പിടിയിലായ മുഹമ്മദ് ഷഹീൻ യൂസഫ്, മുഹമ്മദ് സിജാഹ എന്നിവർ
കണ്ണൂർ: നാറാത്ത് ടി.സി ഗേറ്റിന് സമീപം മടത്തികൊവ്വലിൽ വീട്ടിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ് (26), പറശ്ശിനി റോഡിലെ മുഹമ്മദ് സിജാഹ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
17.215 ഗ്രാം മെത്താംഫിറ്റമിൻ, 2.555 കിലോഗ്രാം കഞ്ചാവ്, 93 ഗ്രാം ഹൈബ്രീഡ് കഞ്ചാവ്, 35 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സെൽ സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ മുതൽ കഞ്ചാവ് പിടികൂടിയ വീട് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വൈകീട്ടോടെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു.
അകത്തുണ്ടായിരുന്ന പ്രതികൾ വീട് തുറക്കാൻ തയാറാകാതെ വന്നതോടെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് എക്സൈസ് സംഘം അകത്തുകയറിയത്.
മെത്താംഫിറ്റമിനും കഞ്ചാവും ഇരുനില വീടിന്റെ മുകൾ നിലയിൽനിന്നും എൽ.എസ്.ഡി സ്റ്റാമ്പും ഹൈബ്രീഡ് കഞ്ചാവും വീടിന് സമീപത്തായി നിർത്തിയിട്ട കാറിൽ നിന്നുമാണ് എക്സൈസ് സംഘം കണ്ടെടുത്തത്.
നാറാത്തെ ആദം എന്നയാളുടെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സി. ഷാബു പറഞ്ഞു. സംഭവത്തിൽ എക്സൈസ് കേസെടുത്തു. മയക്കുമരുന്ന് കണ്ടെടുത്ത കാറും കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് വൻജനാവലിയാണ് സ്ഥലത്ത് എത്തിയത്.
അറസ്റ്റിലായ പ്രതികളെ വീടിന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടയിൽ ജനങ്ങൾ പ്രകോപിതരായി. കൈയേറ്റ ശ്രമവുമുണ്ടായി. ഏറെ പണിപ്പെട്ടാണ് പ്രതികളെ വാഹനത്തിൽ കയറ്റിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവിനു പുറമെ അസി.ഇൻസ്പെക്ടർമാരായ സന്തോഷ് തൂണോളി, ആർ.പി. അബ്ദുൽ നാസർ, പ്രിവന്റീവ് ഓഫീസർമാരായ എം.സി. വിനോദ്, പി.പി. സുഹൈൽ, പി. ജലീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ്, അശ്വതി, സി. അജിത്ത്, വി.വി. ശ്രീജിൻ, കെ.ടി. ഫസൽ, കെ. ഇസ്മായിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.