
വന്യജീവി ശല്യം പരിഹരിക്കുന്നതിന് മൊകേരി പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത
ഉന്നതതല യോഗം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
പാനൂർ: നഗരസഭ, പാട്യം, മൊകേരി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലളിൽ ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിനായി ടാസ്ക് ഫോഴ്സിന് രൂപം നൽകും. വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് മൊകേരിയിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാനൂർ നഗരസഭ അധ്യക്ഷൻ, കൂത്തുപറമ്പ്- പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പാട്യം, മൊകേരി പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗം, വാർഡ് മെംബർ, പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നതായിരിക്കും ടാസ്ക് ഫോഴ്സ്. ഇവരുടെ നേതൃത്വത്തിൽ കാട്ടുപന്നികൾക്കായി വ്യാപക തിരച്ചിൽ നടത്തും. ആവശ്യമെങ്കിൽ വെടിവെക്കാനുള്ള നടപടി സ്വീകരിക്കും. വെടിവെക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ ജനങ്ങളെ മാറ്റിനിർത്തുന്നതിനായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. കാട്ടുപന്നിയെ വെടിവെക്കുന്നത്തിനുള്ള ഉത്തരവ് പുതുക്കുന്നതിനുള്ള അവകാശം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
കൃഷിനാശം ഒരാഴ്ചക്കകം അറിയിക്കണം
വന്യജീവികളുടെ അക്രമത്തിൽ ഉണ്ടായ കൃഷിനാശം വിലയിരുത്തി ജില്ല കൃഷി ഓഫിസർ ഒരാഴ്ചക്കകം വനംവകുപ്പിന് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നഷ്ടപരിഹാര തുക സംബന്ധിച്ച കാര്യങ്ങളിൽ തുടർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മരണമടഞ്ഞ ശ്രീധരന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന മുറക്ക് നൽകും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്ന കാര്യത്തിൽ വിദ്യാഭ്യാസ യോഗ്യതകൂടി പരിശോധിച്ച് തീരുമാനമെടുക്കും. വന്യജീവി ആക്രമണം തടയുന്നതിന് കഴിയുന്നത്ര മുൻകരുതലകൾ എല്ലാ സ്ഥലങ്ങളിലും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ടാസ്ക് ഫോഴ്സ് രൂപവത്കരണം ഇന്ന്
ടാസ്ക് ഫോഴ്സിന്റെ രൂപവത്കരണത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമായി വെള്ളിയാഴ്ച രാവിലെ 9.30ന് മൊകേരി പഞ്ചായത്ത് ഹാളിൽ യോഗം ചേരുമെന്ന് കെ.പി. മോഹനൻ എം.എൽ.എ അറിയിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വനഭൂമികളിൽ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഡി.എഫ്.ഒ അറിയിച്ചു.
മൊകേരി പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. പാനൂർ നഗരസഭ അധ്യക്ഷൻ കെ.പി. ഹാഷിം, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. വത്സൻ, എൻ.വി. ഷിനിജ, സി.കെ. രമ്യ, കെ.കെ. മണിലാൽ, കെ. ലത, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, വനം വന്യജീവി വകുപ്പ് ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ, ഡി.എഫ്.ഒ എസ്. വൈശാഖ്, കൂത്തുപറമ്പ് എ.സി.പി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.