
കാസർകോട്: സ്വാതന്ത്ര്യസമര സേനാനി കെ.എം.കെ. നമ്പ്യാർ എന്ന കെ.എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ (87) അന്തരിച്ചു. പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. കൂത്തുപറമ്പ് പടുവിലായി ആണ് ജന്മനാട്. കാസർകോട് കേളുഗുഡെ അയ്യപ്പനഗർ ക്യാപ്റ്റൻ കെ.എം.കെ. നമ്പ്യാർ റോഡിലെ ഹരിശ്രീ ഭവനത്തിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോയത്. തിങ്കളാഴ്ച സ്വദേശമായ കൂത്തുപറമ്പിലെ തറവാട്ടുവീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനുമായിരുന്ന കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഉപ്പുസത്യഗ്രഹത്തിലും വിദേശവസ്ത്ര ബഹിഷ്കരണത്തിലും തുടങ്ങി നിരവധി സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഗോവൻ വിമോചനസമരത്തിൽ പങ്കെടുത്ത ഇദ്ദേഹത്തെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആദരിച്ചിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഹരിദാസ്, ശിവദാസ്, വിശ്വദാസ്, സുമതി, സുചിത്ര. മരുമക്കൾ: സുജാത, ഗീത, വിന്ദുജ, കെ. കരുണാകരൻ, കെ. രാജൻ. സംസ്കാരം തിങ്കളാഴ്ച കണ്ണൂർ കൂത്തുപറമ്പിലെ തറവാട്ടുവീട്ടിൽ.