പാപ്പിനിശ്ശേരി: മടക്കര കടവ് റോഡിൽ അനധികൃതമായി കൂട്ടിയിട്ട ആറ് ലോഡ് മണൽ പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലർച്ച പട്രോളിങ്ങിനിടെയാണ്, കടത്തിക്കൊണ്ടുപോകാനായി കൂട്ടിയിട്ട മണൽ കണ്ണപുരം പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. മണൽ ജില്ല കലക്ടറുടെ നിയന്ത്രണത്തിലുള്ള നിർമിതി കേന്ദ്രത്തിന് കൈമാറി.
പുഴയിൽനിന്നും അനധികൃതമായി വാരിയെടുത്ത മണൽ, കടവിൽ സൂക്ഷിച്ചുവെക്കുകയും പൊലീസിന്റെ ശ്രദ്ധയിൽപെടാതെ വാഹനങ്ങളിൽ കടത്തിക്കൊണ്ടുപോവുകയുമാണ് പതിവ്. വാഹനം സഹിതം മണൽ പിടിച്ചെടുത്താൽ മാത്രമേ പൊലീസിന് കേസെടുക്കാൻ നിർവാഹമുള്ളൂവെന്നും കണ്ണപുരം പൊലീസ് അറിയിച്ചു. സമാനമായ നിലയിൽ കഴിഞ്ഞയാഴ്ച എട്ടു ലോഡ് മണൽ പിടിച്ചെടുക്കുകയും നിർമിതി കേന്ദ്രത്തിന് കൈമാറിയതായും പൊലീസ് പറഞ്ഞു.
പൊലീസ് ഇൻസ്പെക്ടർ എ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എസ്.ഐമാരായ പി.ജി. സാംസൺ, രമേശൻ എന്നിവരും സി.പി.ഒ അനൂപും ഒപ്പമുണ്ടായിരുന്നു.