ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് രഞ്‌ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജയ് ഗണേഷ്’. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉണ്ണി മുകുന്ദൻ വീൽചെയറിൽ ഇരിക്കുന്ന ലുക്കാണ് പോസ്‌റ്ററിലുള്ളത്. ഇതോടെ, ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് ഒരു സൂചനപോലും ലഭിക്കാത്ത പ്രേക്ഷകർ ആകെ ആകാംക്ഷയിലാണ്.
മിത്താണോ, മതമാണോ ആരാധനയാണോ എന്ന ചോദ്യം ഉയർത്തിയാണ് ആരാധകർ രംഗത്തുവന്നിരിക്കുന്നത്. എന്നാൽ, സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ടുള്ള ഒരു സൂചനപോലും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. രഞ്‌ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ജയ് ഗണേഷിൽ, ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപ്രത്രങ്ങളിൽ ഒന്നാണ് അവതരിപ്പിക്കുക എന്നുമാത്രമാണ് ലഭ്യമായ വിവരം.
ഒരു ഫാമിലി എന്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ഈ ചിത്രത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഒരു കഥാതന്തു ഉണ്ടെന്നാണ് അണിയറ പ്രവർത്തകർ പങ്കുവെക്കുന്ന വിശദാംശം. മാളികപ്പുറം വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ജയ് ഗണേഷ്. ഈ മാസം 11 മുതൽ എറണാകുളത്തിന്റെ പരിസര പ്രദേശങ്ങളിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
രഞ്‌ജിത്ത് ശങ്കർ തന്നെയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. രഞ്‌ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണിത്. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിന്, ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ചു വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനൽ വക്കീലിന്റെ വേഷമാണ് ജോമോൾ കൈകാര്യം ചെയ്യുന്നത്. കൂടാതെ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചന്ദ്രു സെൽവരാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത് പ്രതാപാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ലിജു പ്രഭാകറാണ് ഡിഐ കളറിസ്‌റ്റ്. ശങ്കർ ശർമയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. തപസ് നായക് സൗണ്ട് ഡിസൈൻ, സൂരജ് കുറവിലങ്ങാട് പ്രൊഡക്ഷൻ ഡിസൈൻ, റോണക്‌സ് സേവ്യർ മേക്കപ്പ് എന്നിവ കൈകാര്യം ചെയ്യുന്നു. വിപിൻ ദാസാണ് കോസ്‌റ്റ്യൂം. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്‌ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് സിനിമ നിർമിക്കുന്നത്.