Kannur News: ഇരിട്ടി-മട്ടന്നൂർ റോഡിൽ ഇരിട്ടി ടൗൺ മുതൽ കീഴൂർ ടൗൺ വരെയുള്ള ജനത്തിരക്കേറിയ റോഡിന്റെ ഇരുവശവും അലക്ഷ്യമായും അനധികൃതമായും വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു.
ഇരിട്ടി പാലം മുതൽ കീഴൂർ ടൗൺ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തോളമുള്ള റോഡരികിലാണ് ഇരുവശങ്ങളിലുമായി ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്.
അലക്ഷ്യമായി റോഡിലും റോഡരികിൽ നടപ്പാതയോട് ചേർന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിത്യേന അപകടങ്ങൾക്കിടയാക്കുന്നതായും ഇതുവഴിയുള്ള കാൽനടക്കാർക്കും പ്രയാസം നേരിടുന്നതായും നാട്ടുകാർ പറയുന്നു.
ഇതുമൂലം ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് പോകാൻ വേണ്ടത്ര സ്ഥലമില്ലാത്ത അവസ്ഥയുമാണുള്ളത്. എതിരെവരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ കഴിയാതെ സമീപത്തെ നിർത്തിയിട്ട വാഹനങ്ങളിൽ ഉരസി ഡ്രൈവർമാർ പരസ്പരം വാക്കേറ്റത്തിലും കൈയാങ്കളിയിലും ഏർപ്പെടുന്നത് പതിവുകാഴ്ചയാണ്.
സ്വകാര്യ വാഹനങ്ങൾക്ക് പ്രത്യേകം പ്രത്യേകമായി പാർക്കിങ് സ്ഥലം ഏർപ്പെടുത്തുകയും ഇതിന് പുറമെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ നഗരസഭ ഓഡിറ്റോറിയത്തിലും പഴയപാലം റോഡിലെ സ്വകാര്യ സ്ഥലത്തും പെയ്ഡ് പാർക്കിങ് സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെങ്കിലും ഈ സ്ഥലങ്ങളൊന്നും പ്രയോജനപ്പെടുത്തുന്നില്ല.
ജില്ലയുടെ പല ഭാഗങ്ങളിലായി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഇരിട്ടിക്ക് ചുറ്റുമുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഇരിട്ടി വരെ അതിരാവിലെ തങ്ങളുടെ വാഹനത്തിലെത്തി റോഡരികിൽ പകൽ മുഴുവൻ പാർക്ക് ചെയ്തശേഷം രാത്രിയിലും വൈകീട്ടുമാണ് വാഹനങ്ങൾ കൊണ്ടുപോകുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്.
വ്യാപാരസ്ഥാപനങ്ങളോട് ചേർന്ന് സ്വകാര്യവാഹനങ്ങൾ അലക്ഷ്യമായി പകൽ മുഴുവൻ പാർക്ക് ചെയ്യുന്നതുമൂലം തങ്ങളുടെ കച്ചവടത്തെയും സാരമായി ബാധിക്കുന്നതായി ഇരിട്ടിയിലെ വ്യാപാരികൾ പറയുന്നു. നഗരസഭയും പൊലീസും കർശന നടപടി സ്വീകരിക്കുന്നതിൽനിന്ന് പിറകോട്ടുപോയതാണ് ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലുമുള്ള അനധികൃത പാർക്കിങ് കൂടാൻ കാരണമെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്.