ഇരിട്ടി: ആറളം പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പത്ത് വർഷം മുമ്പ് ബീഹാറിൽ നിന്നും കാണാതായ യുവാവിന് ബന്ധുക്കളെ തിരികെ ലഭിച്ചു. ബീഹാർ ജിനേദ് പൂർ സ്വദേശി റാം ആഷിഷ് യാദവ് (45) നാണ് ബന്ധുക്കളെ തിരികെ ലഭിച്ചത്. കഴിഞ്ഞ 19നാണ് ആറളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട വളയംചാൽ ഫോറസ്റ്റ് ഓഫീസിന് സമീപം ഇതരസംസ്ഥാനക്കാരനും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതുമായ യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാണുന്നത്. തുടർന്ന് ആറളം സ്റ്റേഷനിലെ എ.എസ്.ഐ മനോഹരനും സഹപ്രവർത്തകരും യുവാവിനോട് വിവരങ്ങൾ തിരക്കിയെങ്കിലും ബീഹാർ ജിനേദ് പൂർ സ്വദേശി റാം ആഷിഷ് യാദവ് (45) എന്നതല്ലാതെ കൂടുതൽ വിവരം ലഭിച്ചില്ല.
തുടർന്ന് ഇയാളെ അറയങ്ങാടുള്ള സ്നേഹഭവനിൽ പാർപ്പിച്ച് പൊലീസ് ബന്ധുക്കൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ ഐ.പി.എസ് ബീഹാർ സ്റ്റേറ്റ് പോലീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരം ശേഖരിക്കാനുള്ള ശ്രമം നടത്തി. ഇതോടെയാണ് 2013 ൽ ബിഹാറിൽ നിന്നും കാണാതായ യുവാവാണ് ഇദ്ദേഹമെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് യുവാവിന്റെ ബന്ധുക്കളായ സിയാറാം യാദവ്, സത്രി ദാം യാദവ് എന്നിവർ കേരളത്തിലെത്തി. പൊലീസിന്റെ നേതൃത്വത്തിൽ ഇവർ സ്നേഹഭവനിൽ എത്തി യുവാവിനെ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി നാട്ടിലേക്ക് കൂട്ടി കൊണ്ടുപോവുകയായിരുന്നു.