മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള നഗരമായ മട്ടന്നൂരില്‍ പൊലീസ് സ്റ്റേഷനും ആധുനികവത്കരിക്കുന്നു. മട്ടന്നൂൂരിലെ സ്റ്റേഷന് കെട്ടിട നിര്‍മാണം അവസാനഘട്ടത്തിലാണ്. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ നിലവിലെ പൊലീസ് സ്റ്റേഷന് കെട്ടിടത്തോടും പഴയ കെട്ടിടത്തോടും ചേര്‍ന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. വിമാനത്താവള നഗരമായി മട്ടന്നൂര്‍ മാറിയിട്ടും പൊലീസ് സ്റ്റേഷന് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി 1988ല്‍ നിര്‍മിച്ച പഴയ കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ്. സബ് ഇന്‍സ്പെക്ടറുടെ ഓഫിസ്, ലോക്കപ്, സന്ദര്‍ശക മുറി തുടങ്ങിയവയൊക്കെ സൗകര്യം കുറഞ്ഞ പഴയ കെട്ടിടത്തിലാണുള്ളത്.
ജില്ലയിൽ കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വലിയ പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലുള്ള സ്റ്റേഷനാണ് മട്ടന്നൂരിലേത്. അന്താരാഷ്ട്ര വിമാനത്താവള നഗരിയിലെ സ്റ്റേഷന് സ്ഥല പരിമിതികളില്‍ വീര്‍പ്പുമുട്ടുന്നതിനിടെയാണ് സ്മാര്‍ട്ടാക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. ഒന്നരക്കോടിയോളം രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ രണ്ട് നിലകളിലായാണ് സ്റ്റേഷന് നിര്‍മിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കെട്ടിടത്തിന് മുഖ്യമന്ത്രി ഓണ്‍ലൈനായി തറക്കല്ലിട്ടത്. നിലവില്‍ പെയിന്റ് പ്രവൃത്തി ഉള്‍പ്പെടെ പൂര്‍ത്തിയായി. നിലത്ത് ടൈല്‍സ് പാകി. ഫര്‍ണിഷിങ് വര്‍ക്ക് പൂര്‍ത്തിയാകുന്നതോടെ പൊലീസ് സ്റ്റേഷന് നാടിന് സമര്‍പ്പിക്കും.