കേളകം: വരാനിരിക്കുന്ന നാളുകളിലെ വരൾച്ച തടഞ്ഞ് ജലസമൃദ്ധിക്കായി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേളകം പഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴകളിലും വിവിധ തോടുകളിലുമായി ഇതിനകം നൂറോളം വലിയ തടയണകൾ നിർമിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനിഷ്.
കേളകം പഞ്ചായത്തിലെ പുഴകളിലും തോടുകളിലുമായി 500 തടയണകൾ നിർമിക്കാൻ ലക്ഷ്യമുണ്ടെന്നും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കുമെന്നും പഞ്ചായത്ത് അദ്ദേഹം പറഞ്ഞു. വരൾച്ചയും ജലക്ഷാമവും രൂക്ഷമാകാറുള്ള മലയോരത്ത് പുഴകളിൽ നിർമിച്ച തടയണകളാൽ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലവിതാനം ഉയർന്നു. സമീപ പഞ്ചായത്തുകളും തടയണ നിർമാണം ആരംഭിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെയും സ്കൂൾ കുട്ടികളുടെയും സഹകരണത്തോടെ കൂടുതൽ തടയണകൾ നിർമിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.