പയ്യന്നൂർ : അത്യുത്തര കേരളത്തിന്റെ അയോധന കലയിൽ ചരിത്രമെഴുതി പയ്യന്നൂർ തായിനേരി കുറിഞ്ഞി ക്ഷേത്രമുറ്റം. ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായി 500 ഓളം പൂരക്കളി കലാകാരന്മാർ അണിനിരന്ന മെഗാ പൂരക്കളിയാണ് കലയുടെ ചരിത്ര സംഗമമായി മാറിയത്. ലോക ശ്രദ്ധ ആകർഷിക്കുന്നതായതിനാൽ ലിംക, യു.ആർ.എഫ് വേൾഡ് റെേക്കാഡിലേക്ക് മെഗാപൂരക്കളി പകർത്തിയെടുത്തിട്ടുണ്ട്.
കുറിഞ്ഞി ക്ഷേത്രത്തിലെയും അന്നൂർ തലയന്നേരി പൂമാലക്കാവിലെയും 500 ഓളം പൂരക്കളി കലാകാരൻമാർ ചേർന്ന് ക്ഷേത്ര പരിസരത്താണ് മെഗാ പൂരക്കളി അവതരിപ്പിച്ചത്. നാലു വയസ്സു മുതൽ 90 വയസ്സുവരെയുള്ള പൂരക്കളി കലാകാരന്മാർ സി.കെ. സജീഷിന്റെ നേതൃത്വത്തിൽ ഒരു മാസത്തോളം പരിശീലനം നേടിയാണ് അരങ്ങിലെത്തിയത്. ഏഴു തിരിയിട്ട് കത്തിച്ച നിലവിളക്കിന് ചുറ്റും പതിനൊന്ന് റൗണ്ടിൽ അണിനിരന്ന് ഒന്നും രണ്ടും നിറങ്ങളും ആണ്ടും പള്ളിന്റെ ഒരു ഭാഗവും ശിവ ഭ്രാന്ത്, ചിന്ത് എന്നീ കളികളുമാണ് അവതരിപ്പിച്ചത്. സംഘാടക സമിതി ചെയർമാൻ എ. ജയപ്രകാശന്റെ അധ്യക്ഷതയിൽ നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത മുഖ്യാതിഥിയായി. യു.ആർ.എഫ് വേൾഡ് റെക്കാഡ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, വേൾഡ് റെക്കോഡിങ്ങിനായി വേണ്ട നിർദേശങ്ങൾ നൽകി. മുതിർന്ന പൂരക്കളി കലാകാരന്മാരായ തായമ്പത്ത് കുഞ്ഞിക്കണ്ണൻ, പാണ്ടികശാലയിൽ നാരായണൻ, പൂരക്കളി പരിശീലകൻ സി.കെ. സജീഷ് എന്നിവരെ ആദരിച്ചു. കുറിഞ്ഞി ക്ഷേത്രം ചതുർദിന കളിയാട്ടം ശനിയാഴ്ച ആരംഭിക്കും.