തലശ്ശേരി: പഴയ വിദ്യാർഥികളും അധ്യാപകരും വീണ്ടും കണ്ടുമുട്ടിയപ്പോൾ അതിരുകളില്ലാത്ത സന്തോഷം. ധർമടം ഗവ.ബ്രണ്ണൻ കോളജിലാണ് സമാഗമത്തിന് വേദിയൊരുങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് കോളജിൽ പഠിച്ചവരും പഠിപ്പിച്ച അധ്യാപകരും പരസ്പരം കണ്ട് വിശേഷങ്ങൾ പങ്കുവെച്ച് സുന്ദരമായ കാമ്പസ് ഓർമകൾ ഓർത്തെടുത്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.
ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. രാജൻ ഗുരുക്കൾ, സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ, വ്യവസായി ഗോകുലം ഗോപാലൻ, സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. ജെ. പ്രസാദ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ. സത്യൻ, മുൻ യൂനിവേഴ്സിറ്റി പരീക്ഷ കൺട്രോളർ കെ.പി. ജയരാജൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, നർത്തകി ഡോ.സുമിത നായർ, ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, കായികതാരം ജോസ്ന ക്രിസ്റ്റീൻ, റിട്ട. ജില്ല ജഡ്ജി കെ.പി. പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.
ബ്രണ്ണൻ ബുക്സ് പ്രസിദ്ധീകരിച്ച എൻ. പ്രഭാകരൻ മാസ്റ്ററുടെ എന്റെ ബ്രണ്ണൻ കാലം എന്ന പുസ്തകത്തിന്റെ പ്രകാശനം എ.എൻ. ഷംസീർ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് നൽകി നിർവഹിച്ചു. 100 വയസ് തികഞ്ഞ പൂർവ വിദ്യാർഥി സുകുമാരനെയും ബ്രണ്ണൻ അലയുടെ ലോഗോ തയാറാക്കിയ സൈനുൽ ആബിദിനെയും ആദരിച്ചു. കൺവീനർ ഡോ. എ. വത്സലൻ സ്വാഗതവും കോഓഡിനേറ്റർ ഡോ. കെ.വി. മഞ്ജുള നന്ദിയും പറഞ്ഞു.
അല എഴുത്തിരമ്പങ്ങൾ’ എന്ന പേരിൽ ബ്രണ്ണൻകാരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനമൊരുക്കി. വി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്രണ്ണൻ കോളജിലെ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. ഡോ.രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജെ. വാസന്തി അധ്യക്ഷത വഹിച്ചു. ഫൺ ഗെയിംസിന്റെ ഉദ്ഘാടനം ഗോളടിച്ച് സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു.