ശ്രീകണ്ഠപുരം: അടിസ്ഥാന വികസനക്കുറവിൽ ദുരിതമനുഭവിച്ച് തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയിലെ പ്രധാന ടൗണായ ചെങ്ങളായി. നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര കേന്ദ്രമായിട്ടും ഇവിടം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രൂക്ഷമാണ്. വർഷങ്ങൾക്ക് മുമ്പ് സംസ്ഥാനപാത വികസിക്കുമ്പോൾ പുതിയ കെട്ടിടങ്ങൾ വന്നതും റോഡിന് നാമമാത്ര വീതി കൂട്ടിയതും മാത്രമേ ഇവിടെ കാണാനുള്ളൂ.
വളപട്ടണം കഴിഞ്ഞാൽ പ്രധാന വ്യാപാര വാണിജ്യ കേന്ദ്രമായിരുന്നു ചെങ്ങളായി. റോഡ് വരുന്നതിനു മുമ്പ് വളപട്ടണം പുഴ വഴി ചെങ്ങളായിയിലേക്ക് തോണിയും ബോട്ടും വഴി സഞ്ചരിച്ചാണ് ആളുകൾ എത്തിയിരുന്നത്. മലഞ്ചരക്ക് വ്യാപാരവും മര വ്യവസായവുമെല്ലാം കടന്ന് തേനിന്റെ പ്രധാന കേന്ദ്രവുമായി ഇവിടം മാറി. നിലവിൽ തേനീച്ച കൃഷി ചെയ്യുന്നവരുടെ എണ്ണം ഇവിടെ വിരളമായി. തേനീച്ച സഹകരണ സംഘം കെട്ടിടം അരിമ്പ്ര റോഡരുകിൽ ജപ്തി ഭീഷണിയായി കാടുകയറി നശിക്കുമ്പോഴും അധികൃതർക്ക് കുലുക്കമില്ല.
• ശൗചാലയവും കുടിവെള്ളവുമില്ല
സംസ്ഥാനപാതയിലെ ടൗണിൽ ഒരു ശൗചാലയം പോലുമില്ല. ഇത് ഇവിടെയെത്തുന്നവർക്ക് ഏറെ ദുരിതമുണ്ടാക്കുന്നുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഓട്ടോ ടാക്സികളും ഉണ്ടായിട്ടും ശൗചാലയം ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല. ഡ്രൈവർമാർക്കടക്കം ഇത് വലിയ ദുരിതമാണുണ്ടാക്കുന്നത്. ടൗണിൽ കുടിവെള്ള വിതരണവും ഇല്ല. വർഷങ്ങൾക്ക് മുമ്പ് പൊതുടാപ്പ് വഴി വെള്ളം വിതരണം ചെയ്തിരുന്നെങ്കിലും അത് നശിച്ചതോടെ പുതിയവ സ്ഥാപിച്ചില്ല. ഓട്ടോറിക്ഷകൾ നിരവധിയുണ്ടെങ്കിലും സംസ്ഥാന പാതയോരത്താണ് നിർത്തിയിടുന്നത്. ഓട്ടോ-ടാക്സി സ്റ്റാൻഡ് സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായില്ല.
• നടപ്പാതയും കൈവരിയും വേണം
സംസ്ഥാനപാത വികസിപ്പിച്ച കാലത്ത് നാമമാത്ര ഓട നിർമിച്ചപ്പോൾ സ്ലാബുകൾ സ്ഥാപിച്ച് നടപ്പാത നിർമിച്ചിരുന്നു. അത് പലയിടത്തും കൈയേറിയിട്ടുണ്ട്. നിടുവാലൂർ മുതൽ ചെങ്ങളായി വരെയെങ്കിലും വീതി കൂട്ടി, ടൈലുകൾ വിരിച്ച മികവാർന്ന നടപ്പാത നിർമിച്ച് കൈവരി സ്ഥാപിച്ചാൽ കാൽനട യാത്രികർക്ക് വലിയ ഗുണമാകും. കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ ഭീതിയോടെയാണ് നടന്നുപോകുന്നത്.
നിടുവാലൂരിനും ചേരൻകുന്നിനുമിടയിൽ വീതികുറഞ്ഞ റോഡിന് ഇരുവശവും നിറയെ കാടുകളാണുള്ളത്. അതുകൊണ്ട് ഈ ഭാഗങ്ങളി നടപ്പാതയും കൈവരിയും അത്യാവശ്യമാണ്. മഴ പെയ്താൽ അരിമ്പ്ര റോഡിൽ നിന്നടക്കം ചങ്ങളായി ടൗണിൽ ചെളിയും മാലിന്യങ്ങളും കുത്തിയൊലിച്ചിറങ്ങി വരുന്നതും കെട്ടി നിൽക്കുന്നതും പതിവു കാഴ്ചയാണ്. അതിനും പരിഹാരമുണ്ടായിട്ടില്ല.
• സ്റ്റേഡിയത്തിനും അവഗണന
കാൽപന്ത് കളിയുടെ കേന്ദ്രമായിരുന്നു ഒരു കാലത്ത് ചെങ്ങളായി. പ്രായവിത്യാസമില്ലാതെ പന്ത് തട്ടിയവരും മത്സരം നടത്തിയ ക്ലബുകളുമെല്ലാം ഇന്ന് നിരാശയിലാണ്. പെരിങ്കോന്ന് റോഡരികിൽ കൊവ്വപ്പുറത്തായി പഞ്ചായത്ത് മിനി സ്റ്റേഡിയമുണ്ട്. നവീകരണം എക്കാലവും പറയാറുണ്ടെങ്കിലും ഓരോ വർഷം പിന്നിടുമ്പോഴും സ്റ്റേഡിയം നശീകരണാവസ്ഥയിലാണ്. പല തവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും അവഗണനയാണ് ഫലം.
• അഡൂർക്കടവ് പാലവും കുരുക്കിൽ
വലിയ പ്രതീക്ഷയിലാണ് കടത്തു തോണി വിട്ട് ചെങ്ങളായി അഡൂർക്കടവിൽ തൂക്കുപാലം വന്നത്. അത് ദ്രവിച്ചു തുടങ്ങിയതോടെ കോൺക്രീറ്റ് പാലത്തിന് അനുമതിയും ലഭിച്ചു. എന്നാൽ, ടെൻഡറുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ടതോടെ പാലം നിർമാണം കുരുക്കിൽപ്പെട്ടിരിക്കയാണ്. ചെങ്ങളായി ടൗണിൽ നിന്ന് മലപ്പട്ടം, ഇരിക്കൂർ, മയ്യിൽ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കും വിധത്തിലാണ് പുതിയ പാലം വരുക. ഇരിക്കൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളെ കൂടി ബന്ധിപ്പിക്കുന്ന പാലം എന്ന് യാഥാർഥ്യമാവുമെന്ന് കണ്ടറിയണം.
പല തവണ നിവേദനം നൽകി; സർക്കാറാണ് കനിയേണ്ടത്
ചെങ്ങളായിയുടെ വികസനത്തിനായി പലതവണ സർക്കാറിന് നിവേദനം നൽകിയിരുന്നു. നടപ്പാതയും കൈവരിയും നിർമിക്കാനും മിനി സ്റ്റേഡിയം നവീകരിക്കാനും മന്ത്രി മുഹമ്മദ് റിയാസിനെ നേരിൽക്കണ്ടാണ് നിവേദനം സമർപ്പിച്ചത്. എം.എൽ.എമാരായ സജീവ് ജോസഫ്, കെ.വി. സുമേഷ് എന്നിവരും മന്ത്രിയെക്കണ്ട് ഇക്കാര്യം ധരിപ്പിച്ചിരുന്നു. അനുകൂല നടപടിയുണ്ടാവുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ഇത് ജനങ്ങളെ നിരാശയിലാക്കിയിട്ടുണ്ട്. മറ്റ് അടിസ്ഥാന വികസനത്തിനായും ശ്രമം തുടരും- സി. ആഷിഖ് (ചെങ്ങളായി ഗ്രാമപഞ്ചായത്തംഗം)