ശ്രീകണ്ഠപുരം: ടാറിങ് നടത്തി 15 ദിവസത്തിനുള്ളിൽ റോഡ് തകര്‍ന്നു. അഴിമതിയാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്ന് ആരോപിച്ച് പ്രദേശവാസി വിജിലന്‍സിൽ പരാതി നല്കി. ശ്രീകണ്ഠപുരം നഗരസഭയിലെ ഒന്നാം വാര്‍ഡിലെ ഓടക്കുണ്ട് അംഗൻവാടി-കരികനിലയാനിപ്പടി റോഡിന്റെ റീടാറിങ്ങിനെ സംബന്ധിച്ചാണ് പരാതിയുയർന്നത്. തോമസ് കൊന്നക്കലാണ് വിജിലൻസിന് പരാതി നല്‍കിയത്.
ടാറിങ്ങിന് ഉപയോഗിക്കാന്‍ പാടില്ലാത്ത ക്വാറി മാലിന്യമാണ് കരാറുകാരന് പ്രവൃത്തിക്കായി ഉപയോഗിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതേ കരാറുകാരന് പൂര്‍ത്തിയാക്കിയ കൊക്കായി-ഉമിക്കുന്ന് റോഡും സമാനരീതിയില്‍ തകര്‍ന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ഡ് കൗണ്‍സിലറുടെ മൗനാനുവാദത്തോടെ നടന്ന അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം രാത്രി കരാറുകാരന് റോഡില്‍ കുഴിയടക്കല്‍ പ്രവൃത്തി നടത്തിയത് തട്ടിപ്പ് പുറത്തറിയാതിരിക്കാനാണെന്നും കുടുംബശ്രീക്കാര് നിർമിച്ച ഓട അടച്ച് ടാര്‍ ചെയ്തത് കൗണ്‍സിലറുടെ ബന്ധുവീട്ടിലേക്ക് വെള്ളം ഒഴുക്കാനാണെന്നും പരാതിയില്‍ പറയുന്നു.