മാഹി: ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ കോടിയേരി മുളിയിൽനടയിൽ ഓടുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച പുലർച്ച 5.30നായിരുന്നു സംഭവം. തലശ്ശേരി ഭാഗത്തുനിന്ന് കോടിയേരി വഴി പന്തക്കൽ ഭാഗത്തേക്കു പോകുകയായിരുന്നു കാർ. മാഹി പന്തക്കലിനടുത്ത് താമസിക്കുന്ന ദമ്പതികളും കുട്ടിയുമുൾപ്പെടെയുള്ള യാത്രികരാണ് കാറിലുണ്ടായിരുന്നത്. കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടയുടൻ കുടുംബം കാറിൽനിന്ന് ഇറങ്ങി ഓടിയതിനെ തുടർന്ന് തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.
പരിസരവാസികൾ അറിയിച്ചതനുസരിച്ച് സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ബിനീഷ് നെയ്യാട്ടിന്റെ നേതൃത്വത്തിൽ തലശ്ശേരി അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. കാർ മുക്കാൽ ഭാഗവും കത്തിനശിച്ചു. ന്യൂമാഹി പൊലീസും സ്ഥലത്തെത്തി. മാസങ്ങൾക്കുമുമ്പ് മാഹിയിലുള്ള ഒരു കുടുംബത്തിലെ അഞ്ചംഗസംഘം വിവാഹത്തിൽ പങ്കെടുത്ത് തിരികെ വരുമ്പോൾ പൈപ്പ് മുറിഞ്ഞ് റേഡിയേറ്ററിനകത്തുള്ള സ്പോഞ്ചിൽ പെട്രോൾ വ്യാപിച്ചിരുന്നു.
പെട്രോൾ മണം അനുഭവപ്പെട്ടതോടെ കാർ നിർത്തി പരിശോധിച്ചപ്പോഴാണ് പൈപ്പ് മുറിഞ്ഞത് കണ്ടെത്തിയത്. വയർ എലി കരണ്ടതായിരുന്നു കാരണം.