ശ്രീകണ്ഠപുരം: പ്രമാദമായ ഏരുവേശ്ശിയിലെ കള്ളവോട്ട് കേസ് വീണ്ടും മാറ്റിവെച്ചു. വെള്ളിയാഴ്ച പരിഗണിക്കേണ്ടിയിരുന്ന കേസാണ് തളിപ്പറമ്പ് കോടതി ഈ മാസം 20ലേക്ക് വീണ്ടും മാറ്റിയത്. അടുത്ത മാസം 10 വർഷം തികയുന്ന കേസ് ഇതോടെ 66ാം തവണയാണ് മാറ്റുന്നത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പി.കെ. ശ്രീമതിയും കെ. സുധാകരനും മത്സരിച്ചപ്പോൾ ഏരുവേശ്ശി കെ.കെ.എൻ.എം.എ.യു.പി സ്കൂളിലെ 109ാം ബൂത്തിൽ കള്ളവോട്ട് ചെയ്തുവെന്നതാണ് കേസ്. ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന ജോസഫ് കൊട്ടുകാപ്പള്ളിയാണ് കേസ് കൊടുത്തത്. സംഭവത്തില്‍ കേസെടുക്കാന്‍ കുടിയാന്മല പൊലീസ് ആദ്യം തയാറായിരുന്നില്ല.
ഇത് വിവാദമായിരുന്നു. പിന്നീട് ഹൈകോടതിയെ സമീപിച്ചു. ജസ്റ്റിസ് കെമാൽ പാഷയുടെ നിര്‍ദേശപ്രകാരം രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പട്ടാളത്തില്‍ ജോലി ചെയ്യുന്ന മൂന്നു പേരുടെയും വിദേശത്തുള്ള 27 പേരുടെയും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന 27 പേരുടെയും ഉള്‍പ്പെടെ 57 കള്ളവോട്ടുകള്‍ ചെയ്തതായി പിന്നീട് കണ്ടെത്തി. അന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എല്‍.ഒ ഏരുവേശ്ശി മുയിപ്രയിലെ കെ.വി. അശോക് കുമാര്‍, പെരളശ്ശേരി മക്രേരിയിലെ വി.കെ. സജീവന്, പാനുണ്ട എരുവട്ടിയിലെ കെ.വി. സന്തോഷ്കുമാര്‍, ധർമടത്തെ എ.സി. സുദീപ്, പിണറായിയിലെ വാരിയമ്പത്ത് ഷജനീഷ് എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുത്തത്.
കള്ളവോട്ടിന് കൂട്ടുനിന്നുവെന്നതായിരുന്നു ഇവർക്കെതിരായ കേസ്. തുടർന്ന് 2017 ജൂൺ 28ന് കുടിയാന്മല പൊലീസ് തളിപ്പറമ്പ് കോടതിയിൽ ഈ കേസിന്റെ കുറ്റപത്രവും സമർപ്പിച്ചു.
കള്ളവോട്ട് ചെയ്ത 19 പേരെ പ്രതികളാക്കാത്തതിനെതിരെ ജോസഫ് കൊട്ടുകാപ്പള്ളി വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്ന് വോട്ടർമാരായ 57 പേരെ സാക്ഷികളായും കള്ളവോട്ട് ചെയ്ത 19 പേരെ പ്രതികളാക്കിയും റിപ്പോർട്ട് നൽകാൻ കുടിയാന്മല പൊലീസിനോട് നിർദേശിച്ചിരുന്നു. എന്നാൽ, രണ്ടു വർഷം കഴിഞ്ഞിട്ടും പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് കേസ് മാറ്റിയത്.