മട്ടന്നൂര്‍: കോളാരിയില്‍ വയലില്‍നിന്ന് ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ചൊവ്വാഴ്ചയാണ് കോളാരിയിലെ സ്വകാര്യ വ്യക്തിയുടെ വയലില്‍നിന്ന് ബോംബുകള്‍ കണ്ടെടുത്തത്. പുല്ലരിയാന്‍ വയലില്‍ പോയ സ്ത്രീയാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടത്.
വയലിലെ ഓടയില്‍ രണ്ട് ബക്കറ്റിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഉടന്‍തന്നെ ഇവര്‍ പ്രദേശവാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കുകയുമായിരുന്നു. ആര്.എസ്.എസ് കേന്ദ്രത്തിനു സമീപമാണ് ബോംബുകള്‍ കണ്ടെത്തിയതെന്നും സംഭവത്തില്‍ സമഗ്ര അന്വേണം വേണമെന്നും എല്‍.ഡി.എഫും യു.ഡി.എഫും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മട്ടന്നൂര്‍ മേഖലയില്‍ ബോംബുകള്‍ കണ്ടെത്തിയത് വളരെ ഗൗരവത്തിലാണ് പൊലീസ് കാണുന്നത്. ഇടവേലിക്കലില് കഴിഞ്ഞ ദിവസം ആര്.എസ്.എസ്., സി.പി.എം. സംഘര്‍മുണ്ടായിരുന്നു. ചൊവ്വാഴ്ച നെല്ലൂന്നിയിലും ഇവര്‍ തമ്മില്‍ ചെറിയ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച പരിശോധന നടത്തിയിരുന്നു.