പയ്യന്നൂര്‍: പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ എട്ടിക്കുളത്ത് സ്ഫോടനത്തെത്തുടർന്ന് ഇരുപതോളം വീടുകൾക്ക് വിള്ളൽ. എട്ടിക്കുളം പടിഞ്ഞാറുള്ള നാവിക അക്കാദമി പ്രദേശത്തിന് സമീപത്തെ വീടുകള്‍ക്കാണ് വിള്ളലും തകരാറുകളും സംഭവിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരക്കും അഞ്ചിനുമിടയിലാണ് സംഭവമെന്ന് പരിസരവാസികള്‍ പറഞ്ഞു.
സ്‌ഫോടന ശബ്ദത്തോടൊപ്പമുണ്ടായ പ്രകമ്പനമാണ് വീടുകള്‍ക്ക് തകരാര്‍ സംഭവിക്കാനിടയാക്കിയതെന്ന് വീട്ടുകാര്‍ പറയുന്നു. സി.സി. അലീമ, ബാപ്പിന്റകത്ത് റഷീദ, പി. കുഞ്ഞലീമ, ഒ.പി. അബ്ദുറഹ്‌മാന്‍, ബി. സെയ്ഫുന്നീസ, കെ.വി. മുസ്തഫ, കെ. മഹമ്മൂദ്, പി. നബീസ, എ. മുസ്തഫ, എം.പി. കാസിം, എം.ടി.പി. അഷറഫ്, എന്‍.പി. ഫാത്തിബി, എ.കെ. ഹക്കിം, നാലുപുരപ്പാട്ടില്‍ നസീറ എന്നിവരുടേതടക്കം ഇരുപതോളം പേരുടെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നാണ് പരാതി.
ചില വീടുകളുടെ ചുമരില്‍ വിള്ളലുണ്ടായി. ജനല്‍ചില്ലുകള്‍ പൊട്ടി.
ചില വീടുകളുടെ വാതിലുകള്‍ അടര്‍ന്നുവീണു. ഫൈബർ വാതിലുകൾ ഉൾപ്പെടെ തകർന്നുവീണു. കേടുപാടുകൾ പറ്റിയ വീടുകൾ ടി.ഐ. മധുസൂദനന്‍ എം.എല്‍.എ സന്ദര്‍ശിച്ചു.
അക്കാദമി പ്രദേശത്തുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതെന്ന വാദം ശരിയല്ലെന്ന് നാവിക അക്കാദമി അധികൃതര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ നടക്കാറുള്ളതുപോലെ വെള്ളിയാഴ്ച കേഡറ്റുകള്‍ക്കായുള്ള ഫയറിങ് പരിശീലനം നടന്നിരുന്നു.
കൂടുതല്‍ കേഡറ്റുകള്‍ ഒന്നിച്ച് വെടിവെച്ചു. അല്ലാതെ സ്ഫോടനമൊന്നും നടന്നിട്ടില്ല. ഇത് എപ്പോഴും നാവിക അക്കാദമിയിൽ നടക്കുന്നതാണ്.
ഇതിനുമുമ്പ് ഇത്തരം പരാതി ഉണ്ടായിട്ടില്ല. ഫയറിങ് പരിശീലനം കാലങ്ങളായി നടക്കുന്നതാണ് -അധികൃതർ പറഞ്ഞു.
ഏഴിമല നാവിക അക്കാദമിയിൽ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ സ്ഫോടനം മൂലമാണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതെന്ന് ഏഴിമല ഡെവലപ്മെന്റ് കൗൺസിൽ സെക്രട്ടറി എൻ.എ.വി. അബ്ദുല്ല ആരോപിച്ചു.
പാവപ്പെട്ട ഇവരുടെ വീടുകളുടെ കേടുപാടുകൾ പരിഹരിക്കാൻ സർക്കാറും നാവിക അക്കാദമി അധികൃതരും നഷ്ടപരിഹാരം അനുവദിക്കണമെന്ന് കൗൺസിൽ നാവിക അധികൃതർക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.