പാനൂർ: നാടിനെ നടുക്കിയ വിഷ്ണുപ്രിയ വധത്തിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതിയുടെ വിധി കാത്ത് നടമ്മൽ ഗ്രാമം. പ്രണയപ്പകയിൽ നടമ്മൽ വള്ള്യായി സ്വദേശിനിയായ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി മാനന്തേരിയിലെ ശ്യാംജിത്തിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
വിധി കേൾക്കാൻ വിഷ്ണുപ്രിയയുടെ അമ്മ ബിന്ദു, സഹോദരി വിപിന എന്നിവർ കോടതിയിലെത്തി. ശിക്ഷവിധി ഈ മാസം 13ന് വിധിക്കും. തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2022 ഒക്ടോബർ 22ന് പാനൂരിലെ വള്ള്യായിലാണ് ദാരുണ സംഭവമുണ്ടായത്.
വീട്ടിൽ സുഹൃത്തുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത്ത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മുത്താറിപീടികയിലൂടെ നടമ്മലിലേക്ക് ഊടുവഴികളിലൂടെ ബൈക്ക് ഓടിച്ചുവന്ന ശ്യാംജിത്ത് ആൾപെരുമാറ്റമില്ലാത്തയിടത്ത് ബൈക്ക് സൂക്ഷിച്ചാണ് കാൽനടയായി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്.
തറവാട് വീട്ടിൽ എല്ലാവരും പോയതിനാൽ വിഷ്ണുപ്രിയ വീട്ടിൽ തനിച്ചായിരുന്നു. ആയുധങ്ങളുമായെത്തിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന് രക്ഷപ്പെടുകയായിരുന്നു. പാനൂർ ഇൻസ്പെക്ടറായിരുന്ന എം.പി. ആസാദിന്റെ ചടുലമായ നീക്കങ്ങളാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ സാധിച്ചത്.
മാധ്യമങ്ങൾക്ക് പോലും പ്രതിയെക്കുറിച്ച് ഒരുസൂചനയും നൽകാതെയാണ് പാനൂർ പൊലീസ് അന്വേഷണം നടത്തിയത്. ഒടുവിൽ മാനന്തേരിയിലെ വീട്ടിലെത്തി പ്രതിയെ പിടികൂടി. പ്രതി ശിക്ഷിക്കപ്പെടാൻ എല്ലാ പഴുതുകളും അടച്ചാണ് അന്വേഷണം നടത്തിയത്. നാടിനെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത് നടമ്മൽ നാടിന് ആശ്വാസമായി.