ഇരിട്ടി: നഗരത്തിലെ പാർക്കിങ് ഏരിയയിൽ അപകടഭീഷണിയായി തണൽമരം. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിന് എതിർവശം ബൈപാസ് റോഡിന് സമീപത്തെ പാർക്കിങ് ഏരിയയിലാണ് തണൽ മരം ഭീഷണിയാവുന്നത്. പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള പ്രദേശമാണിത്. വർഷങ്ങളായി മിനി ചരക്ക് വാഹനം പാർക്ക് ചെയ്യുന്ന പ്രദേശത്തോട് ചേർന്ന് നിരവധി സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്ന പ്രദേശത്താണ് തണൽ മരത്തിന്റെ വലിയ ശാഖ ചെരിഞ്ഞ് തൂങ്ങിനിൽക്കുന്നത്. പൊങ്ങ് മരമായതിനാൽ ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. ചെരിഞ്ഞ് തൂങ്ങിയ കൂറ്റൻ ശിഖരത്തിനിടയിലൂടെയാണ് പ്രദേശത്തെ ഒരു ഡസനിലധികം വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷന്റെ സർവിസ് വയർ പോകുന്നത്. നഗരത്തിലെ ത്രീഫേസ് ലൈനിൽനിന്ന് നേരിട്ടാണ് സർവിസ് ലൈൻ വലിച്ചിരിക്കുന്നത്.
മരത്തിന്റെ ശിഖരം മുറിച്ചുമാറ്റണമെങ്കിൽ കെ.എസ്.ഇ.ബി കണക്ഷൻ വിച്ഛേദിക്കണം. വൈദ്യുതി ലൈനിൽ മുട്ടുന്ന മരച്ചില്ലകൾ മാറ്റുമ്പോൾ ഇതുംകൂടി മാറ്റാൻ പ്രദേശത്തെ വ്യാപരികളും വാഹന ഉടമകളുമെല്ലാം ആവശ്യപ്പെട്ടിരുന്നു. സർവിസ് ലൈനിന് കീഴിലുള്ള ശിഖരങ്ങൾ മാറ്റൽ തങ്ങളുടെ ബാധ്യതയല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പാർക്കിങ് മേഖലക്ക് ചുറ്റുമായി നിരവധി വ്യാപര സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളിൽ എത്തുന്നവർ ഈ മരത്തിന് ചുവട്ടിൽ വാഹനം നിർത്തിയാണ് ആവശ്യങ്ങൾ നിർവഹിക്കുന്നത്. കൂടാതെ കുട്ടികളുമായി കാൽ നടയായി വരുന്നവരും അപകടഭീഷണിയിലായ മരത്തിന് കീഴിലൂടെയാണ് എത്തുന്നത്. ഇലകൾ നിറഞ്ഞ് ചെരിഞ്ഞ് കുത്തിനിൽക്കുന്ന ശിഖരം ഏത് നിമിഷവും നിലംപൊത്താം.
കഴിഞ്ഞദിവസം മരത്തിന്റെ മറ്റൊരു ശിഖരം നിലംപൊത്തിയിരുന്നു. രാത്രി ഏറെ വൈകിയ സമയമായതിനാൽ അപകടമുണ്ടായില്ല. കാലവർഷത്തിന് മുമ്പ് അപകടഭീഷണിയിലായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റണമെന്ന് കാണിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകാറുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് മുറിച്ചുമാറ്റാത്ത മരങ്ങൾ ഉണ്ടാക്കുന്ന കഷ്ടനഷ്ടങ്ങൾക്ക് സ്ഥലം ഉടമകൾ ഉത്തരവാദികളാകുമെന്നാണ് മുന്നിറിയിപ്പ്. ഇവിടെ അപകടം സംഭവിച്ചാൽ ആര് ഉത്തരവാദികളാകുമെന്നാണ് വ്യാപാരികളും പ്രദേശവാസികളും ചോദിക്കുന്നത്.