തലശ്ശേരി: വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി തലശ്ശേരിയിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധന നടത്തി. തലശ്ശേരി സബ് ആർ.ടി.ഒ ഓഫിസിൽ സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറോളം വാഹനങ്ങളാണ് പ്രീ മൺസൂൺ ചെക്കിങ്ങിന്റെ ഭാഗമായി വ്യാഴാഴ്ച പരിശോധിച്ചത്. ഇതിൽ 23 വാഹനങ്ങൾ മതിയായ ഫിറ്റ്നസ് ഇല്ലാത്തതിന്റെ പേരിൽ അറ്റകുറ്റപ്പണികൾക്കായി തിരിച്ചയച്ചു. വാഹനങ്ങളുടെ ടയർ, സ്പീഡ് ഗവർണർ, വൈപ്പർ, ഫയർ എക്സ്റ്റിംഗ്യൂഷർ, ഫസ്റ്റ് എയ്ഡ് ബോക്സ്, സീറ്റിന്റെ ഗുണനിലവാരം തുടങ്ങിയവയാണ് പരിശോധിച്ചത്.
തലശ്ശേരി ജോ. ആർ.ടി.ഒ ഷാനവാസ് കരീമിന്റെ നേതൃത്വത്തിലാണ് വാഹനങ്ങളുടെ പരിശോധന നടന്നത്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.പി. രാജേഷ്, അജിത് ജെ. നായർ, അഖിൽ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു. വാഹനപരിശോധനയിൽ ഫിറ്റ്നസ് രേഖപ്പെടുത്തിയ വാഹനങ്ങൾക്ക് ജോ. ആർ.ടി.ഒ സ്റ്റിക്കറും പതിച്ചിട്ടുണ്ട്. പരിശോധനയിൽ പങ്കെടുക്കാതെ സ്കൂൾ വാഹനങ്ങൾ സർവിസ് നടത്താൻ അനുവദിക്കില്ലെന്നും സ്കൂൾ അധികൃതർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ജോ. ആർ.ടി.ഒ അറിയിച്ചു.