ഇരിട്ടി: പഴശ്ശി ജലസംഭരണിയുടെ ഭാഗമായ എടക്കാനം പുഴയിൽ കാണാതായ പാനൂർ സ്വദേശിയായ യുവാവിനെ കണ്ടെത്താനായി അഗ്നിരക്ഷ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന രണ്ടാം ദിന തെരച്ചിലും വിഫലം. ബംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറായ പാനൂർ മൊകേരി പാത്തിപ്പാലം മുത്താറി പീടികയിൽ ഐ.കെ.ബി റോഡിൽ സുമം നിവാസിൽ കെ.സി. വിപിനു(30) വേണ്ടിയുള്ള തിരച്ചിലാണ് വിഫലമായത്. ഞാായറാഴ്ച വൈകീട്ട് ആറോടെ വിപിൻ ഉൾപ്പെടെയുള്ള നാലംഗ സംഘം എടക്കാനം വൈദ്യരുകണ്ടി പുഴക്കരയിലെത്തിയതായിരുന്നു. നീന്തുന്നതിനിടെയാണ് പുഴയിൽ മുങ്ങിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ ഗ്രൂപ്പുകളായി തെരച്ചിൽ നടത്തിയിട്ടുംയുവാവിനെ കണ്ടെത്താനായില്ല. ഇരിട്ടി അഗ്നിരക്ഷ നിലയം സ്റ്റേഷൻ ഇൻചാർജ് മഹറുഫ് വാഴക്കോത്ത്, അസി. സ്റ്റേഷൻ ഓഫിസർ എം.ജി. അശോകൻ, ഫയർ ഓഫിസർമാരായ മത്തായി, അനീഷ് മാത്യു, അനോക്, റോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ തിരച്ചിൽ നടത്തിയത്. ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജേഷ്, എസ്.ഐമാരായ ടി.ജി. അശോകൻ, പി.കെ. അബൂബക്കർ എന്നിവരുംതിരച്ചലിന് നേതൃത്വം നൽകി. തെരച്ചിൽ ചൊവ്വാഴ്ചയും തുടരുമെന്ന് അധികൃതർ അറിയിച്ചു.