ഇരിട്ടി: എടൂർ-മണത്തണ മലയോര ഹൈവേയിൽ പാലപ്പുഴയിൽ ചെന്തോട് പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായുണ്ടാക്കിയ താൽക്കാലിക റോഡ് കനത്ത മഴയിലെ കുത്തൊഴുക്കിൽ തകർന്നു.
ഇതോടെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണമായി നിലച്ചു. മലയോര ഹൈവേ നിർമാണ സമയത്ത് ചെന്തോട് പാലം പുതുക്കി നിർമിച്ചിരുന്നില്ല.
പഴയ റോഡിൽ ഏറെ താഴ്ന്നു കിടന്നിരുന്നതും വീതികുറഞ്ഞതുമായ പാലം മഴക്കാലങ്ങളിൽ വെള്ളത്തിൽ മുങ്ങുന്നത് നിത്യസംഭവമായിരുന്നു.
മഴക്കാലം തുടങ്ങുന്നതിന് മാസങ്ങൾ മുമ്പാണ് പാലം പുതുക്കി നിർമിക്കാനുള്ള ശ്രമം ആരംഭിച്ചത്. പാലംപണി പാതി വഴിയിൽ എത്തിനിൽക്കുമ്പോഴാണ് കാലവർഷം ആരംഭിച്ചത്.
എന്നാൽ, കാലവർഷം കണക്കിലെടുത്തുള്ള താൽക്കാലിക റോഡ് നിർമാണമല്ല നടന്നത്. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇരിട്ടി മേഖലയിലുള്ളവർക്ക് എളുപ്പം മണത്തണ കൊട്ടിയൂർ വഴി മാനന്തവാടിയിൽ എത്തിച്ചേരാൻ കഴിയുന്ന റോഡ് കൂടിയാണിത്.
വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കാതെയാണ് താൽക്കാലിക റോഡ് നിർമിച്ചത്. ഇതിനായി കൊണ്ടുവന്ന മൂന്ന് കോൺക്രീറ്റ് പൈപ്പുകളിൽ ഒന്നുമാത്രം സ്ഥാപിച്ച് മറ്റുള്ള രണ്ടു പൈപ്പുകളും കരാറുകാർ തിരിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
റോഡ് തകർന്നതോടെ യാത്രക്കാരും നാട്ടുകാരും പ്രതിസന്ധിയിലായി. ഇരിട്ടി മേഖലയിൽനിന്ന് കി.മീറ്ററുകൾ സഞ്ചരിച്ച് ഇവിടെ എത്തുമ്പോഴാണ് വാഹനയാത്രികരും റോഡ് തകർന്ന വിവരം അറിയുന്നത്. വീണ്ടും കി.മീറ്ററുകൾ ചുറ്റി പോകേണ്ടിവരുന്ന അവസ്ഥയാണ് ഇവർക്കുണ്ടാകുന്നത്.
മരം വീണ് ഗതാഗതം നിലച്ചു
ഇരിട്ടി: ഇരിട്ടി-പേരാവൂർ റോഡിൽ എടത്തൊട്ടിയിൽ കാറ്റിൽ മരം വീണ് ഗതാഗതം നിലച്ചു. മാക്കൂട്ടം ചുരം പാതയിലും കൂറ്റൻ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷസേന സംഭവസ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.