മാഹി: പള്ളൂർ സ്പിന്നിങ് മിൽ റോഡിൽ ഖുതുബിയ പള്ളിക്ക് സമീപം മെയിൻ റോഡിൽ വൈദ്യുതി തൂൺ വീണു. ഒഴിവായത് വൻ അപകടം. ഇതോടെ വാഹന ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് അടി ദ്രവിച്ച വൈദ്യുതി തൂൺ മുറിഞ്ഞ് റോഡിലേക്ക് വീണത്. 100 മീറ്റർ അകലെ തെങ്ങ് വൈദ്യുതി ലൈനിൽ വീണതിനെത്തുടർന്നുണ്ടായ കുലുക്കത്തിലാണ് തൂൺ വീണത്. വെള്ളിയാഴ്ച ഉച്ചയേടെയാണ് സംഭവം. മാറ്റാൻ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും മാറ്റാത്തതാണ് തൂൺ വീഴാൻ കാരണമായത്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് മൂന്നുമണിക്കൂർ കഴിഞ്ഞാണ് തൂൺ മാറ്റാനുള്ള നടപടി സ്വീകരിച്ചത്. അഗ്നിരക്ഷാസേന എത്തിയിട്ടും വൈദ്യുതി ജീവനക്കാർ എത്താതിരുന്നത് ജനങ്ങളെ രോഷാകുലരാക്കി.
ബൈപാസ് റോഡിൽ നിന്ന് ചൊക്ലി, പാനൂർ, നാദാപുരം ഭാഗത്തേക്കും തിരിച്ച് ബൈപാസ് വഴി വടകരയിലേക്കും കണ്ണൂരിലേക്കും പെരിങ്ങാടി വഴി മാഹി പാലത്തേക്കും യാത്രികർ ആശ്രയിക്കുന്ന റോഡാണിത്. വൈകീട്ട് ആറോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. മാഹിയിലെ വിവിധ ഭാഗങ്ങളിൽ അടിഭാഗം ദ്രവിച്ച ഒട്ടേറെ ഇരുമ്പ് തൂണുകൾ അപകടാവസ്ഥയിലുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് സ്ഥലത്തെത്താൻ വൈകിയതെന്ന് വൈദ്യുതി ജീവനക്കാർ അറിയിച്ചു.