ഇരിട്ടി: അന്തർ സംസ്ഥാന പാതയിൽ പച്ചക്കറി മാലിന്യം തള്ളിയവരെ പിടികൂടി. 10,000 രൂപ പിഴ ഈടാക്കി. മാലിന്യം കുഴിച്ചു മൂടുന്നതിനുള്ള 2000 രൂപയും ഉടമസ്ഥൻ നൽകി. പായം പഞ്ചായത്ത് പരിധിയിൽ കിളിയന്തറ വളവുപാറയിലാണ് അഞ്ച് ചാക്ക് പച്ചക്കറി മാലിന്യം തള്ളിയത്. പഞ്ചായത്ത് വാർഡ് അംഗം അനിൽ, എം. കൃഷ്ണൻ, പ്രദേശവാസി സന്തോഷ് പനക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്ന് കിട്ടിയ ബില്ലിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പിൽ മുരുകൻ എന്നയാളുടെ പേരിലുള്ള ആർ.എ വെജിറ്റബിൾസിൽ നിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങളാണ് തള്ളിയതെന്നു കണ്ടെത്തിയത്.
ഇരിട്ടി പൊലീസിന്റെ സഹായത്തോടെ ഉടമയെ പഞ്ചായത്തിൽ വിളിച്ചു വരുത്തിയാണ് പിഴ ചുമത്തുകയും താക്കീത് നൽകുകയും ചെയ്തത്. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി തുടരാനാണ് പഞ്ചായത്ത് തീരുമാനം. ഇതിനായി വാർഡുതലത്തിൽ ജനകീയ സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പി. രജനി അറിയിച്ചു.