തലശ്ശേരി: ടി.സി മുക്കിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന മരം അപകട ഭീഷണിയുയർത്തുന്നു. റെയിൽവേ സ്റ്റേഷനിലേക്കടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. വ്യാഴാഴ്ച ഉച്ചക്ക് മരത്തിന്റെ ശിഖരം തട്ടി വാഹനത്തിലെ ക്ലീനർക്ക് പരിക്കേറ്റു. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് എത്തിപ്പെടാനുള്ള റോഡാണിത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ നിത്യവും ഇതുവഴി കടന്നുപോകാറുണ്ട്. ഇസ്ലാമിക് സെന്ററിനോടുചേർന്നാണ് റോഡിലേക്ക് അപകടകരമാകും വിധം തള്ളിനിൽക്കുന്ന മരമുള്ളത്. ഇവിടെ പള്ളിയുമുള്ളതിനാൽ നമസ്കാരത്തിന് എത്തുന്നവർക്കും റോഡിലേക്ക് തള്ളി നിൽക്കുന്ന മരം സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല.
വ്യാഴാഴ്ച ഇതുവഴി കടന്നുപോയ ഡെലിവറി വാൻ മരത്തിൽ തട്ടി അപകടമുണ്ടായി. വാഹനത്തിലെ ക്ലീനറുടെ മുഖത്തും പരിക്കേറ്റു. എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുമ്പോഴാണ് അപകടമുണ്ടായത്. വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരു പോലെ അപകട ഭീഷണിയുയർത്തുന്ന മരം മുറിച്ചു നീക്കാൻ പി.ഡബ്ല്യു.ഡിയും നഗരസഭയും തയാറാകണമെന്ന് വ്യാപാരികളും ചുമട്ടുതൊഴിലാളികളും ആവശ്യപ്പെട്ടു.