Sat. Nov 2nd, 2024

മാഹിയിൽ ഹർത്താൽ പൂർണം, സമാധാനപരം

മാഹിയിൽ ഹർത്താൽ പൂർണം, സമാധാനപരം

മാഹി: പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരിക്കുന്നതിനും വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനുമെതിരെ ഇൻഡ്യ മുന്നണി ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ മാഹിയിൽ പൂർണം. മാഹി ദേശീയപാതയിൽ പൂഴിത്തല മുതൽ പന്തക്കൽ മാക്കുനി വരെ കടകളും മദ്യശാലകളും പെട്രോൾ പമ്പുകളും അടഞ്ഞ് കിടന്നു. പുതുച്ചേരി സർക്കാരിൻ്റെ അധീനതയിലുള്ള മാഹി – പന്തക്കൽ റൂട്ടിലെ പി.ആർ.ടി.സി ബസുകൾ സർവിസ് നടത്തി. മറ്റ് ബസുകൾ ഓടിയില്ല. മാഹിയുടെ വിവിധ ഭാഗങ്ങളിൽ ഐ.ആർ.ബി അടക്കമുള്ള
പൊലീസിനെയും കേരളത്തിൽ നിന്നുള്ള പൊലീസിനെയും ക്രമസമാധാന പാലത്തിന്
നിയോഗിച്ചിരുന്നു.

ഹർത്താൽ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും
ഇക്കാര്യം അറിയാതെ
അടച്ചിട്ട പെട്രോൾ പമ്പുകൾക്ക് മുന്നിൽ നിർത്തിയിട്ട് ഇന്ധനത്തിനായി എത്തിയ വാഹനങ്ങളെ 
പൊലീസ് പറഞ്ഞുവിട്ടു. ഹർത്താൽ വിവരമറിയാതെ രാവിലെ മുതൽ മദ്യശാലകൾക്ക് മുന്നിലെത്തിയവരെയും പൊലീസ് എത്തി ഒഴിവാക്കി.
മാഹി മേഖലയിലെ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും സ്വകാര്യ ഐ.ടി സ്ഥാപനവും
ഹർത്താൽ അനുകൂലികളുടെ ആവശ്യത്തെ തുടർന്ന് അടച്ചു.
വൈകുന്നേരം ആറോടെയാണ് ചില്ലറ വിൽപന മദ്യശാലകളും ചുരുക്കം ചില കടകളും പെട്രോൾ പമ്പുകളും തുറന്നു പ്രവർത്തിച്ചത്.

രാവിലെ വിദൂര സ്ഥലങ്ങളിൽ നിന്നെത്തിയവർ പലരും തൊട്ടപ്പുറത്തെ കേരളത്തിലെ സ്ഥാപനങ്ങളെ ആശ്രയിച്ചു. എൻ.ഡി.എ സർക്കാറിൻ്റെ ജനദ്രോഹ വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ മാഹിയിൽ പ്രഖ്യാപിച്ച ഹർത്താൽ പൂർണ വിജയമായിരുന്നെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. മോഹനൻ, രമേശ് പറമ്പത്ത് എം.എൽ.എ എന്നിവർ അറിയിച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!