പയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ വിഷപ്പാമ്പ്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഐ.സി.യുവിന് പുറത്തിരുന്ന കൂട്ടിരിപ്പുകാരാണ് പാമ്പ് പുറത്തേക്ക് ഇറങ്ങിവരുന്നത് കണ്ടത്. ഇവര്‍ പരിഭ്രാന്തരായി ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയവര്‍ പാമ്പിനെ അടിച്ചുകൊല്ലുകയായിരുന്നു.
വെള്ളിക്കെട്ടന് എന്ന വിഷപ്പാമ്പാണിതെന്നാണ് പ്രാഥമിക വിവരം. നേരത്തെ മെഡിക്കല്‍ കോളജിന്റെ എട്ടാം നിലയിലേക്ക് പടര്‍ന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂര്‍ഖൻ പാമ്പ് വാര്‍ഡിലേക്ക് കയറിയ സംഭവം ഉണ്ടായിരുന്നു. ചുറ്റുപാടും പടര്‍ന്നുകയറിയ കുറ്റിക്കാട്ടിലൂടെയാണ് പാമ്പ് ഐ.സി.യുവിലേക്ക് കടന്നതെന്നാണ് കരുതുന്നത്. 15 കുട്ടികളും നഴ്സുമാരുമാണ് ഐ.സി.യുവില്‍ ഉണ്ടായിരുന്നത്. ഐ.സിയുവിന് പുറത്തെ വരാന്തയില്‍ കൂട്ടിരിപ്പുകാരായ നിരവധി പേരാണ് രാത്രിയില്‍ കിടന്നുറങ്ങാറുള്ളത്. പാമ്പിനെ കണ്ടതുകൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.
ആശുപത്രി ബ്ലോക്കിൽ അഞ്ചാം നിലയിലാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം പ്രവർത്തിക്കുന്നത്. ആശുപത്രി കെട്ടിടത്തിന്റെ നവീകരണം നടക്കുന്നതിനാൽ പലയിടത്തും കെട്ടിടാവശിഷ്ടങ്ങളും പഴയ ഉപകരണങ്ങളും മറ്റും കൂട്ടിയിട്ട നിലയിലാണ്. ഇതും ഇഴജന്തുക്കൾ സ്ഥിരതാമസമാക്കാൻ കാരണമാണ്. മുമ്പ് വിദ്യാർഥികളുടെ ഹോസ്റ്റലിലും മൂർഖൻ പാമ്പു കയറിയിരുന്നു.