തളിപ്പറമ്പ്: ഓൺലൈൻ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട് ഏഴിലോട് സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശി സഞ്ജു ഗിരീഷ് (21), ചേർത്തല പൂച്ചാക്കൽ സ്വദേശികളായ സജ്ജാദലി(24), ഇന്ദ്രജിത്ത് (20) എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.വി. ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. ഏഴിലോട് റോസ് എയ്ഞ്ചൽ വില്ലയിലെ എഡ്‌ഗാർ വിൻസന്റിന്റെ പരാതിയിലാണ് അറസ്റ്റ് നടന്നത്.
ഓൺലൈൻ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട് തന്റെ 1,00,76,000 രൂപ തട്ടിയെടുത്തെന്ന വിൻസന്റിന്റെ പരാതിയിൽ കഴിഞ്ഞ ജൂലൈ 13 നാണ് പരിയാരം പൊലീസ് കേസെടുത്തിരുന്നത്. കണ്ണൂർ റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചേർത്തലയിലെ വിവിധ കേന്ദ്രങ്ങളിൽ ദിവസങ്ങൾ നീണ്ട തെരച്ചിലിലാണ് പ്രതികൾ അറസ്റ്റിലായത്.
മെയ് 29 മുതൽ ജൂലൈ ഒന്നുവരെയുള്ള കാലയളവിലാണ് അജ്‌ഞാത സംഘം പണം തട്ടിയെടുത്തത്. പശ്ചിമ ബംഗാളിലെ എറിസ് സ്റ്റോക്ക് പില്ലപ്പ് ഗ്രൂപ്‌സ് എന്ന പേരിലുണ്ടാക്കിയ വാട്ട് സാപ്പ് കൂട്ടായ്മയിൽ വിൻസന്റിനെ അംഗമാക്കിയായിരുന്നു തട്ടിപ്പ്. നിർദേശങ്ങൾ നൽകി ട്രേഡിങ്ങിനെന്ന പേരിൽ വിവിധ അക്കൗണ്ടുകളിലേക്ക് പണമയപ്പിക്കുകയായിരുന്നു. 18 ലക്ഷം രൂപ വീതം മൂന്ന് അക്കൗണ്ടുകളിൽനിന്ന് പിൻവലിച്ച് ഉത്തരേന്ത്യൻ സംഘത്തിന് കൈമാറിയതായി പിടിയിലായവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. തട്ടിപ്പു സംഘത്തിലെ ഉന്നതരെ കണ്ടെത്താനുള്ള അനേഷണം നടന്നുവരികയാണ്.