മാഹി: ചാലക്കരയിലും പരിസരത്തും ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമാകുന്നു. വീടികളുടെ അടുക്കളയിലുൾപ്പടെ രാക്ഷസ ഒച്ചുകളെന്നുമറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ ഇഴഞ്ഞെത്തുകയാണ്. മുമ്പ് ചാലക്കരയിലെ മൈദ ഫാക്ടറിയിലേക്ക് പോവുന്ന ലോറികളിൽനിന്ന് ഒച്ചുകൾ റോഡിൽ വീഴുന്നത് കാണാറുണ്ടായിരുന്നു.
പകൽ സമയങ്ങളിൽ കാണാത്ത ഇവ ഇരുട്ടു വീണാൽ പ്രദേശമാകെ കീഴടക്കുകയാണ്. കുരുമുളകിന്റെ മാത്രം വലുപ്പമുള്ള ഒച്ചിന്റെ കുഞ്ഞുങ്ങൾ പച്ചിലകൾ തിന്ന് ദിവസങ്ങൾക്കുള്ളിൽ കൈമുഷ്ടിയോളം വലുതാവുന്നു. കട്ടിയേറിയ തോടുകളാണ് ഇവക്കുള്ളത്. സ്പർശിച്ചാൽ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടും.
വാഴ, കപ്പ, പപ്പായ, നെല്ലി, പുളി തുടങ്ങിയവയുടെ പച്ചിലകളെല്ലാം ഇവ തിന്നു നശിപ്പിക്കുന്നു. കമ്പിളിപ്പുഴുക്കൾ പ്രദേശത്തെ മുഴുവൻ വാഴകളുടെയും ചെടികളുടെയുമെല്ലാം ഇലകൾ കാർന്നുതിന്നതിന് ശേഷം നാട്ടുകാർക്ക് കിട്ടിയ അടുത്ത പ്രഹരമാണ് ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം. ഒച്ചിന്റെ ശരീരത്തിൽ തെങ്ങിന്റെ കൂമ്പുചീയൽ തുടങ്ങിയ മാരകരോഗങ്ങൾക്ക് ഹേതുവായ ഫൈറ്റോഫാറ് കുമിളിനെ കണ്ടത്തിയതായി പഠനങ്ങൾ ഉണ്ട്. ലോകത്തെ പ്രധാന 100 അക്രമ ജീവി വർഗത്തിൽ ഒന്നാണ് ആഫ്രിക്കൻ ഒച്ച്. അക്കാറ്റിന ഫൂലിക്ക എന്നാണ് ശാസ്ത്ര നാമം. 2005 മുതലാണ് കേരളത്തിൽ പലയിടങ്ങളിലും ഇവയെ കണ്ട് തുടങ്ങിയത്.
ആറ് മുതൽ 10 വർഷം വരെ ജീവിച്ചിരിക്കുന്ന ഇവക്ക് 20 സെന്റിമീറ്റർ വരെ നീളവും 250 ഗ്രാം വരെ തൂക്കവുമുണ്ടാകും. അമിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന അവസ്ഥയിൽ ഇവ മണ്ണിനുള്ളിൽ 15 സെന്റീമീറ്റർ ആഴത്തിൽ കുഴിയുണ്ടാക്കി ദീർഘസുഷുപ്തിയിൽ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കും. മൂന്നുവർഷം വരെ ഇത് നീളാം.
ഒരു ഒച്ചിൽ തന്നെ ആൺ, പെൺ ലൈംഗികാവയവങ്ങളുണ്ട്. വലിയ ഒച്ചുകളാണെങ്കിൽ ഇണ ചേരുന്ന 2 ഒച്ചുകളും 500 മുട്ടകൾ വരെ മണ്ണിനുള്ളിൽ ഭാവി തലമുറ രൂപപ്പെട്ടുവരാൻ കരുതി വെക്കും. മനുഷ്യനിൽ രോഗങ്ങൾ ഉണ്ടാക്കാനും ഒച്ചുകൾ കാരണമാകുന്നു. കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകർ കൂടിയാണ് ആഫിക്കൻ ഒച്ചുകൾ. അതിനാൽ ഇവയെ പ്രതിരോധിക്കാനാവശ്യമായ നടപടികൾ കൃഷി വകുപ്പും മാഹി ഭരണകൂടവും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.