കണ്ണൂർ: ലോകത്തും രാജ്യത്തും നിലനിൽക്കുന്ന ഇസ്ലാമോഫോബിയയെ അതിജയിക്കാൻ വിശ്വാസികൾ മുഹമ്മദ് നബിയുടെ ജീവിതം പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ജമാഅത്തെ ഇസ്ലാമി പ്രവാചക സെമിനാർ ആഹ്വാനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി കേരള ഘടകം ‘വെളിച്ചമാണ് തിരുദൂതർ’ സന്ദേശവുമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് ‘റസൂലിനെ പിൻപറ്റുക, സുന്നത്ത് മുറുകെ പിടിക്കുക’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.
ദേശീയ സമിതി അംഗം എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പ്രവാചകനോടുള്ള സ്നേഹം അങ്ങേയറ്റം ഹൃദയാനുരാഗമാക്കിയവരാണ് സത്യവിശ്വാസികളെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തെറ്റിദ്ധരിപ്പിക്കുകയും വികലമായി ചിത്രീകരിക്കുകയും ചെയ്യുന്നവർക്കുള്ള മറുപടി പ്രവാചക ജീവിതത്തെ പ്രസരിപ്പിക്കൽ മാത്രമാണ്.
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ മനുഷ്യന്റെ സമഗ്രമായ എല്ലാ വ്യവഹാരങ്ങളിലും മുഹമ്മദ് നബി ജീവിതസാക്ഷ്യമായിട്ടുണ്ട്. ഏതൊരു സിദ്ധാന്തവും പ്രായോഗിക രംഗത്ത് മഹനീയമായി ആവിഷ്കരിക്കപ്പെടുമ്പോഴാണ് സമഗ്രവും സൻമാർഗപരവുമായ മാനം അനുഭവിക്കാനാവുന്നതെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി അബ്ദുൽഹകീം നദ്വി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.വി. റഹ്മാബി, ഹദീസ് പണ്ഡിതൻ മുഫ്തിഅമീൻ മാഹി, ഐനുൽ മആരിഫ് അക്കാദമി ചെയർമാൻ ഹാഫിസ് അനസ് മൗലവി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലകോയ തങ്ങൾ എന്നിവർ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും സെക്രട്ടറി സി.കെ. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
സംസ്ഥാന അസി. സെക്രട്ടറി മലിക് ഷഹബാസ്, മേഖല നാസിമുമാരായ യു.പി. സിദ്ദീഖ് മാസ്റ്റർ, പി.പി. അബ്ദു റഹ്മാൻ, ജില്ല ജനറൽ സെക്രട്ടറി മുഷ്താഖ് അഹമ്മദ്, വൈസ് പ്രസിഡന്റ് കെ.എം. മഖ്ബൂൽ, സെക്രട്ടറിമാരായ എം. ഇദ്രീസ്, സി.എൻ.കെ. നാസർ, വനിത വിഭാഗം ജില്ല പ്രസിഡൻറ് നിഷാദ ഇംതിയാസ്, ജനറൽ സെക്രട്ടറി ഖദീജ ഷെറോസ്, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ല പ്രസിഡൻറ് ഷബീർ എടക്കാട്, ജി.ഐ.ഒ ജില്ല പ്രസിഡൻറ് സി.കെ. ആയിശ എന്നിവർ സംബന്ധിച്ചു.