കേളകം: ആറളം വനാതിർത്തിയിലെ മുട്ടുമാറ്റിയിൽ ചീങ്കണ്ണിപ്പുഴയോരത്തെ കുടിയിറക്കിന് 37 ആണ്ട് പഴക്കം. കുടിയിറക്കിന്റെ ബാക്കിപത്രമായ ദുരിതബാധിതർക്കിന്നും വറുതിക്കാലമാണ്. തങ്ങളുടെ പത്തേക്കറടക്കം ഭൂമിയിൽനിന്ന് കൂടെയുള്ളവരെയാകെ കുടിയിറക്കിയിട്ടും സ്വന്തം മണ്ണിൽനിന്ന് കുടിയിറങ്ങാതെ, വന്യജീവികളുടെ കനിവിൽ തുഴയുന്ന ജീവിതങ്ങളുടെ കദനകഥ രാഷ്ട്രീയ പാർട്ടികളും എന്നേ മറന്നു.
കരിങ്കൽ മതിലിനിരുവശവും ചാരിയ മുളയേണികൾ കയറിയിറങ്ങി പുഴക്ക് അരികിലൂടെ നടന്നാൽ മരത്തിലേക്ക് ചാരിയ മുളയേണി കാണാം. മരത്തിനു മുകളിൽനിന്നും പുഴക്കരെ മരത്തിലേക്ക് കമ്പികൾ വലിച്ചുകെട്ടിയുണ്ടാക്കിയ തൂക്കുപാലം. ഒരാൾക്ക് മാത്രം പോകാവുന്ന പാലത്തിൽ ചവിട്ടുപടികളായി കമ്പികൾക്കിടയിയിൽ ഇടവിട്ട് മുളച്ചീളുകൾ തിരുകിയിരിക്കുന്നു. താഴെ ചീങ്കണ്ണിപ്പുഴ. പാലംമുട്ടുന്ന മരത്തിൽ ചാരിയ മുളയേണിയിലൂടെ താഴയിറങ്ങിയാൽ മുന്നിൽ മൂന്നു മൺകട്ടപ്പുരകൾ. പുൽതൈലം മണക്കുന്ന ചുടുകട്ടമുറിയിൽ പുറം ലോകവുമായി ബന്ധമില്ലാതെ രണ്ടുപേർ.
ജോസഫും തോമസും ഏകാന്തതയുടെ കുറേ വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. കുടിയേറ്റ കാലത്ത് അടക്കാത്തോട് മുട്ടുമാറ്റിയിലെ പുഴയോരത്ത് 10 ഏക്കർ സ്ഥലത്ത് വീടും കൃഷിയുമായി പാർക്കാനാരംഭിച്ചതാണ്. വർഷങ്ങൾ കൊഴിയുന്നതോടൊപ്പം ചുറ്റുമുള്ളതെല്ലാം മാറി. കാട് ആറളം എന്ന പേരിൽ വന്യജീവി സങ്കേതമായി. അയൽപക്കങ്ങളിലെ ആദിവാസി കുടിലുകളെ പുനരധിവാസ മേഖലയിലേക്ക് പറിച്ചു നട്ടു. പുഴക്കക്കരെ കരിങ്കല്ലിൽ തീർത്ത ആന പ്രതിരോധ മതിൽ വന്നു. മൈലാടിയിൽ വീട് മാത്രം കാടിനരികിൽ ഒറ്റപ്പെട്ടു. കാട്ടിലോ, നാട്ടിലോ എന്ന് തീർപ്പാക്കാൻ വനം വകുപ്പുമായി ഏറെ വർഷം പൊരുതി.
സിസർള പുല്ല് നട്ട്, വാറ്റി തൈലമാക്കി നൽകി അരിക്ക് വക കണ്ടെത്തും. കാട്ടാനകളും മറ്റു മൃഗങ്ങളും ഇടക്ക് വന്നുപോകും. ഉപദ്രവങ്ങൾ ഒന്നുമില്ല. കൃഷി നടത്താൻ കൊമ്പന്മാർ സമ്മതിക്കില്ലെന്നു മാത്രം.
വൈദ്യുതി, റോഡ് തുടങ്ങിയ ‘ആർഭാടങ്ങളുമില്ല’. വീടിനലങ്കാരമായി ഒരു റേഡിയോ മാത്രം.
അടക്കാത്തോട്ടിലെ റേഷൻകടയാണ് പുറംലോകവുമായുള്ള ബന്ധം. നാലു സഹോദരങ്ങൾകൂടിയുണ്ടായിരുന്നു. മൂത്തയാൾ മത്തായിയെ 2000ത്തിൽ ചീങ്കണ്ണിപ്പുഴയിലെ മലവെള്ളം കൊണ്ടുപോയി. പിന്നീടാണ് തൂക്കുപാലം ഉണ്ടാക്കാൻ തുടങ്ങിയത്. ഇപ്പോഴുള്ളത് അഞ്ചാമത്തെ പാലമാണ്. മറ്റുള്ളവർ പുറംനാടുകളിലേക്കു പോയി.
‘നാട്ടിലേക്ക് മാറിത്താമസിക്കാൻ ഒരുക്കമാണ്. ഒരു ചെറിയ വീടും കൃഷി ചെയ്യാൻ കുറച്ചു ഭൂമിയും തരാമോ? അതല്ലെങ്കിൽ, ജനിച്ചുവളർന്ന ഭൂമിയുടെ അവകാശം ഞങ്ങൾക്ക് തരാമെങ്കിൽ അതുമാത്രം മതി’-ജോസഫ് പറയുന്നു. 1987 ഒക്ടോബർ 14ന് വനം വകുപ്പ് നടത്തിയ കുടിയിറക്കിന്റെ ബാക്കിപത്രമാണ് ഈ ജീവിതങ്ങൾ.