തലശ്ശേരി: റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജിൽ ദുരിത യാത്ര. പുതിയ ബസ് സ്റ്റാൻഡിനും ടി.സി മുക്കിനും മധ്യത്തിലുള്ള ഫൂട്ട് ഓവർ ബ്രിഡ്ജിലെ സ്ലാബ് തകർന്നതോടെയാണ് യാത്രക്കാർക്ക് ദുരിതം നേരിട്ടത്. വിദ്യാർഥികളും പ്രായമായവരുമുൾെപ്പടെ ആശ്രയിക്കുന്നതാണ് ഈ ഫൂട്ട് ഓവർ ബ്രിഡ്ജ്. ഇത് നിർമിച്ചതു മുതൽ പരാതിയായിരുന്നു. രാത്രി ഇതു വഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. ഒരു ആസൂത്രണവുമില്ലാതെയാണ് റെയിൽവേ ഈ ബ്രിഡ്ജ് നിർമിച്ചത്. ബ്രിഡ്ജിന് മുകളിൽ മരം പന്തലിച്ചു നിൽക്കുകയാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബ്രിഡ്ജിലെ സ്ലാബിൽ പിളർപ്പ് കണ്ടെത്തിയത്. ഇതോടെ ഇതുവഴിയുള്ള യാത്ര ഭാഗികമായി തടഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടുണ്ടെങ്കിലും ഇത് നീളുകയാണ്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ടി.സി. മുക്കിലേക്ക് ആളുകൾ കടന്നുപോവുന്നത് ഇതു വഴിയാണ്. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് ബ്രിഡ്ജിൽ അറ്റകുറ്റപ്പണികൾ നടത്താൻ റെയിൽവേ തയാറായത്. പെയിന്റിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പൊട്ടിയ സ്ലാബുകൾ മാത്രം മാറ്റാനാണ് ആലോചന. മഴക്കാലത്ത് പാലത്തിന് മുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് പതിവാണ്