കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ മുൾമുനയിൽ നിർത്തി തെരുവുനായുടെ പരാക്രമം. റെയിൽവേ സ്റ്റേഷനിലെ 14 യാത്രക്കാർക്ക് കടിയേറ്റു. ബുധനാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം.
ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്നവരെയും ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കാൻ നിന്നവരെയുമാണ് തെരുവുനായ് കടിച്ചത്. സ്ത്രീകളും വയോധികരുമടങ്ങിയവർക്കാണ് കടിയേറ്റത്.
കടിയേറ്റവരെ ഉടൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായെ പിന്നീട് റെയിൽവേ ക്വാർട്ടേഴ്സിന് സമീപം ചത്തനിലയിൽ കണ്ടെത്തി.